ADVERTISEMENT

രാജ്കോട്ട്∙ അയർലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ റെക്കോർഡ് പ്രകടനവുമായി ഇന്ത്യൻ വനിതാ ടീം. രാജ്കോട്ടിൽ നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളെ പരിഗണിച്ചാൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ഓപ്പണർമാരായ ക്യാപ്റ്റൻ സ്മൃതി മന്ഥന, പ്രതിക റാവൽ എന്നിവര്‍ സെഞ്ചറി പ്രകടനവുമായി തിളങ്ങിയതോടെയാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക് എത്തിയത്.

മറുപടി ബാറ്റിങ്ങിൽ അയർലൻഡ് വനിതകൾ 31.4 ഓവറിൽ 131 റൺസിന് പുറത്തായതോടെ ഇന്ത്യ 30‌4 റൺസിന്റെ കൂറ്റൻ വിജയവും സ്വന്തമാക്കി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ തൂത്തുവാരി. വനിതാ ഏകദിനത്തിൽ റൺ അടിസ്ഥാനത്തിൽ ഉയർന്ന ഏഴാമത്തെ വിജയമാണിത്. ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും. മൂന്നു വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ, രണ്ടു വിക്കറ്റ് വീഴ്ത്തിയ തനൂജ കൻവാർ എന്നിവർ ചേർന്നാണ് അയർലൻഡിനെ 131ൽ ഒതുക്കിയത്. ടൈറ്റസ് സന്ധു, സയാലി സാത്ഗരെ, മലയാളി താരം മിന്നു മണി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. 43 പന്തിൽ ആറു ഫോറുകളോടെ 36 റൺസെടുത്ത ഓർല പ്രെൻഡർഗാസ്റ്റാണ് അവരുടെ ടോപ് സ്കോറർ.

നേരത്തെ, 70 പന്തുകളിൽനിന്നാണ് സ്മൃതി രാജ്യാന്തര ഏകദിനത്തിലെ 10–ാം സെഞ്ചറി സ്വന്തമാക്കിയത്. 80 പന്തുകളിൽ 135 റൺസെടുത്ത് സ്മൃതി പുറത്തായി. ഏഴു സിക്സുകളും 12 ഫോറുകളും സഹിതമാണ് ഇന്ത്യൻ ക്യാപ്റ്റൻ 135 റൺസെടുത്തത്. 70 പന്തുകളിൽ സെഞ്ചറി പിന്നിട്ട സ്മൃതി, ഇന്ത്യൻ വനിതകളിലെ വേഗമേറിയ ഏകദിന സെഞ്ചറിയെന്ന റെക്കോർഡും സ്വന്തമാക്കി. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്‌‍ക്കെതിരെ 87 പന്തിൽ സെഞ്ചറി പിന്നിട്ട ഹർമൻപ്രീത് കൗറിന്റെ റെക്കോർഡാണ് മെച്ചപ്പെടുത്തിയത്.

info-card-001

മത്സരത്തിൽ സ്മൃതി മന്ഥന നേടിയ ഏഴു സിക്സറുകൾ ഇന്ത്യൻ താരങ്ങളിൽ റെക്കോർഡാണ്. ഇതിനു മുൻപ് ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സർ നേടിയ താരം ഹർമൻപ്രീത് കൗറാണ്. 2017 ലോകകപ്പിൽ ഓസ്ട്രേലിയയ്‌ക്കെതിരെ 115 പന്തിൽ പുറത്താകാതെ 171 റൺസ് നേടിയ മത്സരത്തിൽ ഹർമൻപ്രീതും 7 സിക്സർ നേടി. ഏകദിനത്തിൽ കൂടുതൽ സിക്സർ നേടുന്ന ഇന്ത്യൻ താരങ്ങളിൽ (52) സ്മൃതി ഹർമൻപ്രീതിനൊപ്പമെത്തി.

info-card-002

129 പന്തുകൾ നേരിട്ട പ്രതിക 154 റൺസെടുത്തും പുറത്തായി. 20 ഫോറും ഒരു സിക്സും സഹിതമാണ് പ്രതിക 154 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി – പ്രതിക സഖ്യം ഇരട്ടസെഞ്ചറി കൂട്ടുകെട്ടു തീർത്തു. 26.4 ഓവർ (160 പന്ത്) ക്രീസിൽ നിന്ന ഇരുവരും അടിച്ചുകൂട്ടിയത് 233 റൺസാണ്. വനിതാ ഏകദിനത്തിൽ ഒരേ മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർ സെഞ്ചറി നേടുന്നത് ഇത് മൂന്നാം തവണ മാത്രം. 1999ൽ മിതാലി രാജ്, രേഷ്മ ഗാന്ധി എന്നിവരും 2017ൽ ദീപ്തി ശർമ പൂനം റാവത്ത് എന്നിവരുമാണ് മുൻഗാമികൾ. മൂന്നു തവണയും എതിരാളികൾ അയർലൻഡ് ആയിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.

info-card-003

ഇന്ത്യയ്ക്കായി റിച്ച ഘോഷ് അർധ സെഞ്ചറിയും (42 പന്തിൽ 59) നേടി. തേജൽ ഹസാബ്‌നിസ് (25 പന്തിൽ 28), ഹർലീൻ ഡിയോൾ (10 പന്തിൽ 15) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ജമീമ റോഡ്രിഗസ് (ആറു പന്തിൽ നാല്), ദീപ്തി ശർമ (എട്ടു പന്തിൽ 11) എന്നിവർ പുറത്താകാതെ നിന്നു. അയർലൻഡിനായി ഓർല പ്രെൻഡർഗാസ്റ്റ് രണ്ടു വിക്കറ്റ് വീഴ്ത്തി. അർലെയ്ൻ കെല്ലി, ഫ്രേയ സർജെന്റ് , ജോർജിന ഡെംപ്സി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിൽ ഗംഭീര വിജയങ്ങൾ നേടിയ ഇന്ത്യ നേരത്തേ തന്നെ പരമ്പര വിജയിച്ചിരുന്നു. രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ സ്മൃതി അർധ സെഞ്ചറിയുമായി തിളങ്ങി. 54 പന്തിൽ 73 റൺസാണ് സ്മൃതി രണ്ടാം മത്സരത്തിൽ നേടിയത്.

English Summary:

India vs Ireland Third ODI Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com