ബാറ്റിങ്ങില്‍ ഇനി പതറരുത്, ഗംഭീറിനു കീഴിൽ ഒരു പരിശീലകൻ കൂടി വരും; ഒരുങ്ങി ബിസിസിഐ

Mail This Article
മുംബൈ∙ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പര കൈവിട്ടതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു പുതിയ ബാറ്റിങ് പരിശീലകൻ വരുന്നു. ഓസ്ട്രേലിയൻ പര്യടനത്തിൽ ബാറ്റർമാരുടെ പ്രകടനം മോശമായതോടെയാണ് ബിസിസിഐ ബാറ്റിങ് പരിശീലകനെ നിയമിക്കുന്നത്. പ്രധാന പരിശീലകൻ ഗൗതം ഗംഭീറിന് കീഴിൽ സഹപരിശീലകൻ അഭിഷേക് നായർ, ബോളിങ് പരിശീലകൻ മോർണി മോർക്കൽ, ഫീൽഡിങ് പരിശീലകൻ റിയാൻ ടെൻ ഡോഷെറ്റ് എന്നിവരാണ് നിലവിൽ ടീം ഇന്ത്യയുടെ ഭാഗമായുള്ളത്.
ന്യൂസീലൻഡിനെതിരെ നാട്ടില്‍ വൈറ്റ് വാഷ് തോൽവി വഴങ്ങിയതും, ആദ്യ ടെസ്റ്റിൽ ഇന്ത്യ 46 റൺസിന് ഓള്‍ഔട്ടായതും വൻ വിമർശനങ്ങൾക്കാണു വഴി വച്ചത്. ഓസ്ട്രേലിയൻ പര്യടനത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും തിളങ്ങാതെപോയത് ആരാധകർക്കു നിരാശയായി. കോലി ഓഫ് സ്റ്റംപിനു പുറത്തുപോകുന്ന പന്തുകളിൽ ബാറ്റു വച്ച് പുറത്താകുന്നത് ഓസ്ട്രേലിയയിലെ പതിവു കാഴ്ചയായിരുന്നു. കോലിയുടെ പ്രശ്നത്തിനു പരിഹാരം കാണാൻ ഗംഭീറിനോ അഭിഷേക് നായർക്കോ സാധിച്ചിരുന്നില്ല.
മുൻ ഇന്ത്യൻ താരം സിതാൻഷു കൊടാകിനെയാണ് ഇന്ത്യ ബാറ്റിങ് പരിശീലകനാക്കുകയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്ത്യയെ ബാറ്റിങ് പരിശീലിപ്പിക്കാൻ താൽപര്യമുണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സൻ പ്രതികരിച്ചു. നിലവിൽ കമന്റേറ്ററായി പ്രവർത്തിക്കുന്ന പീറ്റേഴ്സനെ ബിസിസിഐ പരിഗണിക്കാൻ സാധ്യത കുറവാണ്. രാഹുല്‍ ദ്രാവിഡ് ഹെഡ് കോച്ചായിരുന്ന കാലത്ത് വിക്രം റാത്തോഡ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായിരുന്നു.