സാം കോൺസ്റ്റാസിനൊപ്പം സെൽഫിയെടുക്കാൻ കാറിൽനിന്ന് ചാടിയിറങ്ങി; ഹാൻഡ് ബ്രേക്കിടാൻ മറന്നു, അപകടം– വിഡിയോ

Mail This Article
സിഡ്നി∙ ബോർഡർ – ഗാവസ്കർ ട്രോഫിയോടെ ഇന്ത്യൻ ആരാധകർക്കും ചിരപരിചിതനായി മാറിയ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിനൊപ്പം സെൽഫിയെടുക്കാനുള്ള ആരാധകന്റെ ശ്രമം അപകടത്തിൽ കലാശിച്ചു. താരത്തെ കണ്ട ആവേശത്തിൽ സെൽഫിയെടുക്കാനായി കാറിൽനിന്ന് ചാടിയിറങ്ങിയ ആരാധകൻ, കാറിന്റെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതാണ് അപകടത്തിലേക്കു നയിച്ചത്. ഡ്രൈവർ സീറ്റിൽ ആളില്ലാതെ മുന്നോട്ടുരുണ്ട കാർ, തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചുനിന്നു. അപകടത്തിൽ ആർക്കും പരുക്കില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഓസ്ട്രേലിയയിലെ ആഭ്യന്തര ട്വന്റി20 ലീഗായ ബിഗ് ബാഷ് ലീഗിൽ സിഡ്നി തണ്ടേഴ്സിന്റെ താരമാണ് ഈ പത്തൊൻപതുകാരൻ. കഴിഞ്ഞ ദിവസം പരിശീലനത്തിനായി ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് ആരാധകൻ കാർ നിർത്തി സെൽഫി പകർത്താൻ ശ്രമിച്ചത്. സിഡ്നി ക്രിക്കറ്റ് സെൻട്രലിലെ കാർ പാർക്കിങ്ങിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം.
സാം കോൺസ്റ്റാസ് നടന്നുനീങ്ങുന്നതിനിടെ അതുവഴി വന്ന കാർ ഡ്രൈവർ താരത്തെ തിരിച്ചറിഞ്ഞു. ഉടൻതന്നെ വണ്ടി റോഡരികിൽ ഒതുക്കി സെൽഫിയെടുക്കാനായി ചാടിയിറങ്ങുകയായിരുന്നു. ഇതിനിടെ ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നതോടെ വാഹനം പതുക്കെ മുന്നോട്ടുനീങ്ങി. അപകടം മനസ്സിലാക്കി ആരാധകൻ ഓടിയെത്തിയെങ്കിലും, അപ്പോഴേക്കും തൊട്ടുമുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ച് കാർ നിന്നു. അപകടവുമായി ബന്ധപ്പെട്ടവരുടെ ‘അനുമതിയോടെ’ എന്ന വാചകം സഹിതം, സിഡ്നി തണ്ടേഴ്സാണ് വിഡിയോ പുറത്തുവിട്ടത്.