ട്രിപ്പിൾ സെഞ്ചറി നേടിയിട്ടും കരുൺ എങ്ങനെ പുറത്തായി? ടാറ്റൂ ഇല്ലാത്തതും ഫാൻസി വസ്ത്രം ധരിക്കാത്തതുമാണോ പ്രശ്നം?: തുറന്നടിച്ച് ഹർഭജൻ

Mail This Article
ന്യൂഡൽഹി∙ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ചറി നേടിയിട്ടും കരുൺ നായർ ഇന്ത്യൻ ടീമിൽനിന്ന് പുറത്തായത് എങ്ങനെയാണെന്ന ചോദ്യമുയർത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്ത്. ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവച്ചിട്ടും കരുണിനെ സിലക്ടർമാർ എന്തുകൊണ്ടാണ് ശ്രദ്ധിക്കാത്തതെന്ന് ഹർഭജൻ ചോദിച്ചു. ഫോം വീണ്ടെടുക്കാൻ വിരാട് കോലിയെയും രോഹിത് ശർമയേയും രഞ്ജി ട്രോഫി കളിപ്പിക്കണമെന്ന് പറയുമ്പോൾ, രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് അവസരം നൽകാത്തത് എന്തുകൊണ്ടാണെന്നും ഹർഭജൻ ചോദിച്ചു. ടാറ്റൂ അടിക്കാത്തതും ഫാൻസി വസ്ത്രം ധരിക്കാത്തതുമാണോ കരുൺ നായരുടെ കുറവെന്നും ഹർഭജൻ ചോദിച്ചു.
വിജയ് ഹസാരെ ട്രോഫിയിൽ ആറ് ഇന്നിങ്സുകളിൽനിന്ന് അഞ്ച് സെഞ്ചറികൾ ഉൾപ്പെടെ 664 ശരാശരിയിൽ 664 റൺസ് നേടിയ കരുണിന്റെ ഐതിഹാസിക പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഹർഭജൻ സിങ്ങിന്റെ പ്രതികരണം. 2024ലും ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്നു കരുൺ നായർ. 44.42 ശരാശരിയിൽ 1466 റൺസാണ് കരുൺ നായർ നേടിയത്. നാലു സെഞ്ചറികളും ഏഴ് അർധസെഞ്ചറികളും ഉൾപ്പെടെയായിരുന്നു കരുണിന്റെ റൺവേട്ട. പുറത്തകാതെ നേടിയ 202 റൺസായിരുന്നു ഉയർന്ന സ്കോർ. ഇതിനിടെ ഇംഗ്ലണ്ടിൽ കൗണ്ടി ക്രിക്കറ്റിൽ നോർത്താംപ്ടൺഷയറിനായി 7 കളികളിൽനിന്ന് 48.70 ശരാശരിയിൽ 487 റൺസും നേടി. ഇതിൽ ഒരു സെഞ്ചറിയും മൂന്ന് അർധസെഞ്ചറികളും ഉൾപ്പെടുന്നു.
‘‘ഞാൻ അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങളുടെ കണക്കുകൾ പരിശോധിക്കുകയായിരുന്നു. 2024–25 സീസണിൽ അദ്ദേഹം ആറ് ഇന്നിങ്സുകളാണ് കളിച്ചത്. അതിൽ അഞ്ച് ഇന്നിങ്സിലും നോട്ടൗട്ടായിരുന്നു. 664 ശരാശരിയിൽ അത്ര തന്നെ റൺസ് നേടി. 120നു മുകളിലായിരുന്നു സ്ട്രൈക്ക് റേറ്റും. എന്നിട്ടും സിലക്ടർമാർ അദ്ദേഹത്തെ ടീമിലെടുക്കുന്നില്ല’ – ഹർഭജൻ സിങ് പറഞ്ഞു.
ദേശീയ ടീമിൽ ഇടംലഭിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും ഹർഭജൻ ചോദിച്ചു. ഫോമിലല്ലാത്ത വിരാട് കോലി, രോഹിത് ശർമ തുടങ്ങിയവരെ ഫോം വീണ്ടെടുക്കാനായി രഞ്ജി ട്രോഫിയിൽ കളിക്കാൻ നിർബന്ധിക്കുമ്പോൾത്തന്നെ, ആഭ്യന്തര ടൂർണമെന്റുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് അവസരം ലഭിക്കുന്നില്ലെന്നും ഹർഭജൻ ചൂണ്ടിക്കാട്ടി.
‘‘വെറും രണ്ടു കളികളിലെ പ്രകടനം പരിഗണിച്ചുപോലും ദേശീയ ടീമിൽ എത്തുന്നവരുണ്ട്. ഐപിഎലിലെ പ്രകടനം മാത്രം നോക്കി ടീമിൽ അവസരം ലഭിക്കുന്നവരും കുറവല്ല. എന്നിട്ടും എന്തുകൊണ്ടാണ് കരുൺ നായർക്കു മാത്രം വേറെ നിയമം? രോഹിത് ശർമയും വിരാട് കോലിയും ഫോമിലല്ലെന്ന് എല്ലാവരും പറയുന്നു. ഫോം വീണ്ടെടുക്കാൻ അവരെ രഞ്ജി ട്രോഫിയിലേക്ക് അയയ്ക്കുന്നു. പക്ഷേ, രഞ്ജിയിൽ കളിച്ച വൻതോതിൽ റൺസ് നേടുന്നവരുടെ കാര്യമോ? എന്തുകൊണ്ടാണ് അവരെ അവഗണിക്കുന്നത്? ഈ താരങ്ങൾക്ക് ഇനി എന്നാണ് അവസരം ലഭിക്കുക? അവർ എത്രയോ റൺസാണ് വാരിക്കൂട്ടുന്നതെന്ന് നോക്കൂ.’’
‘‘രാജ്യാന്തര ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചറി നേടിയിട്ടുപോലും ഇദ്ദേഹത്തെ എങ്ങനെയാണ് സിലക്ടർമാർ അവഗണിച്ചതെന്ന് എനിക്കു മനസ്സിലാകുന്നില്ല. കരുൺ നായരേപ്പോലുള്ള താരങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല എന്നത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. കരുൺ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്കു പോയി. പക്ഷേ, ഒരു കളിയിൽ പോലും അവസരം നൽകിയില്ല. അഞ്ചാം ടെസ്റ്റിൽ കളിക്കാനായി ഒരു താരത്തെ ഇന്ത്യയിൽനിന്ന് വരുത്തുക പോലും ചെയ്തു. ഹനുമ വിഹാരിയായിരുന്നു അതെന്നാണ് ഓർമ. അഞ്ചാം ടെസ്റ്റിൽ കരുണിനു പകരം ഹനുമ വിഹാരി കളിക്കുകയും ചെയ്തു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നു പറയാമോ? ഇതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്?’’
‘‘ഓരോ കളിക്കാർക്കും ഇവിടെ ഓരോ നിയമമാണോ? അങ്ങനെയല്ല വേണ്ടത്. മികച്ച ഫോമിൽ കളിച്ച റൺസ് നേടുന്ന സമയത്ത് അവർക്ക് പരമാവധി അവസരം നൽകുകയല്ലേ ചെയ്യേണ്ടത്? അദ്ദേഹം ടാറ്റൂ ചെയ്യാത്തതാണോ പ്രശ്നം? ഫാൻസി വസ്ത്രങ്ങൾ ധരിക്കാത്തതാണോ പോരായ്മ? അതുകൊണ്ടാണ് കരുണിനെ ടീമിൽ ഉൾപ്പെടുത്താത്തത്? അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നില്ല എന്നാണോ നിങ്ങൾ കരുതുന്നത്?’ – ഹർഭജൻ ചോദിച്ചു.