ഋഷഭ് പന്ത് പ്രധാന വിക്കറ്റ് കീപ്പറാകും, രാഹുൽ ബാറ്റർ മാത്രം; ഏകദിനം കളിച്ചിട്ടില്ലാത്ത യുവതാരം രണ്ടാമൻ?

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ജനുവരി 19ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യൻ ടീമിനെ തീരുമാനിക്കുന്നതിനായി സിലക്ടർമാർ ഞായറാഴ്ച മുംബൈയിൽ യോഗം ചേരുന്നുണ്ട്. ഋഷഭ് പന്തായിരിക്കും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറെന്നാണു ഒടുവിൽ പുറത്തുവരുന്ന വിവരം. 2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന സീനിയർ താരം കെ.എല്‍. രാഹുൽ സ്പെഷലിസ്റ്റ് ബാറ്ററായി ടീമിലുണ്ടാകും.
ഐപിഎല്ലിൽ രാജസ്ഥാന്‍ റോയൽസിന്റെ താരമായിരുന്ന ധ്രുവ് ജുറെലായിരിക്കും ചാംപ്യൻസ് ട്രോഫി ടീമിന്റെ രണ്ടാം വിക്കറ്റ് കീപ്പറെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ബോര്‍ഡർ– ഗാവസ്കർ ടെസ്റ്റ് പരമ്പരയിൽ ധ്രുവ് ജുറേൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ മാത്രമായിരുന്നു അവസരം ലഭിച്ചത്. ഇന്ത്യയ്ക്കായി ധ്രുവ് ജുറേൽ ഏകദിന ക്രിക്കറ്റിൽ അരങ്ങേറിയിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ആഗ്ര സ്വദേശിയായ താരവുമുണ്ട്. കഴിഞ്ഞ വർഷം സിംബാബ്‍വെയ്ക്കെതിരെ ട്വന്റി20യിൽ അറങ്ങേറിയ ജുറേലിന് രണ്ടു മത്സരങ്ങളിൽനിന്ന് ആറു റൺസ് നേടാൻ മാത്രമാണു സാധിച്ചത്. പക്ഷേ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ധ്രുവ് ജുറേൽ പ്ലേയിങ് ഇലവനിലുണ്ടാകാൻ സാധ്യത കുറവാണ്. മലയാളി താരം സഞ്ജു സാംസണാണ് ട്വന്റി20 പരമ്പരയിലെ പ്രധാന വിക്കറ്റ് കീപ്പർ.