ഓപ്പണർമാരുടെ ‘ഡബിൾ’ സെഞ്ചറി, കരുണിന്റെ വെടിക്കെട്ട്; മഹാരാഷ്ട്രയെ വീഴ്ത്തി വിദർഭ ഫൈനലിൽ- വിഡിയോ

Mail This Article
വഡോദര∙ വിദർഭയുടെ ഓപ്പണിങ് ബാറ്റര്‍മാർ ‘ഡബിൾ’ സെഞ്ചറികൾ നേടി കത്തിക്കയറിയ മത്സരത്തിൽ മറുപടിയില്ലാതെ മഹാരാഷ്ട്ര. വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം സെമി ഫൈനലിൽ മഹാരാഷ്ട്രയ്ക്കെതിരെ 69 റൺസ് വിജയവുമായി വിദർഭ ഫൈനലിൽ കടന്നു. ഓപ്പണർമാരായ ധ്രുവ് ഷോറെ (120 പന്തിൽ 114), യാഷ് റാത്തോഡ് (101 പന്തിൽ 116) എന്നിവർ വിദർഭയ്ക്കായി സെഞ്ചറി നേടി. വൺഡൗണായി ഇറങ്ങിയ ക്യാപ്റ്റൻ കരുൺ നായർ സെമിയിലും തകർത്തുകളിച്ചെങ്കിലും സെഞ്ചറിയിലെത്താൻ സാധിച്ചില്ല. 44 പന്തുകൾ നേരിട്ട കരുൺ 88 റൺസെടുത്തു പുറത്താകാതെ നിന്നു. അഞ്ച് സിക്സുകളും ഒൻപതു ഫോറുകളുമാണ് കരുൺ മഹാരാഷ്ട്രയ്ക്കെതിരെ നേടിയത്.
ശനിയാഴ്ച നടക്കുന്ന ഫൈനലിൽ കർണാടകയാണ് വിദര്‍ഭയുടെ എതിരാളികൾ. മത്സരത്തിൽ ടോസ് നേടിയ മഹാരാഷ്ട്ര ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് വിദർഭയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഋതുരാജിന്റെ തീരുമാനം തെറ്റാണെന്നു തുടക്കത്തിൽ തന്നെ അവർക്കു വ്യക്തമായി. 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ വിദർഭ നേടിയത് 380 റൺസ്. ധ്രുവ് ഷോറെയും യാഷ് റാത്തോഡും 224 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണു പടുത്തുയർത്തിയത്. പിന്നാലെയെത്തിയ കരുൺ നായരും ജിതേഷ് ശർമയും അർധ സെഞ്ചറികൾ നേടിയതോടെ വിദർഭ വമ്പൻ സ്കോറിലെത്തി. 33 പന്തുകൾ നേരിട്ട ജിതേഷ് ശർമ 51 റൺസെടുത്തു പുറത്തായി.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ തുടക്കത്തിൽ തന്നെ മഹാരാഷ്ട്രയ്ക്കു നഷ്ടമായി. 13 പന്തിൽ ഏഴു റൺസ് മാത്രമാണു ഗെയ്ക്‌വാദ് നേടിയത്. പിന്നീടെത്തിയ ബാറ്റർമാരെല്ലാം മോശമല്ലാത്ത പ്രകടനം നടത്തിയെങ്കിലും, വിദർഭ ഉയർത്തിയ വിജയ ലക്ഷ്യത്തിലെത്താൻ അതു മതിയാകുമായിരുന്നില്ല. 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 311 റൺസാണ് മഹാരാഷ്ട്ര നേടിയത്. അങ്കിത് ഭാവ്‍നെ (49 പന്തിൽ 50), നിഖിൽ നായിക് (26 പന്തിൽ 49), സിദ്ധേഷ് വീർ (43 പന്തിൽ 30) എന്നിവരാണ് മഹാരാഷ്ട്രയുടെ മറ്റു പ്രധാന സ്കോറർമാര്‍.
വിദർഭയ്ക്കു വേണ്ടി ദർശൻ നൽകണ്ഡെ, നചികേത് ഭൂതെ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തി. ആദ്യ സെമിയിൽ ഹരിയാനയ്ക്കെതിരെ അഞ്ചു വിക്കറ്റ് വിജയം നേടിയാണ് കർണാടക ഫൈനൽ ഉറപ്പിച്ചത്. ഹരിയാന ഉയർത്തിയ 238 റൺസ് വിജയലക്ഷ്യത്തിലേക്ക്, 47.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കർണാടക എത്തുകയായിരുന്നു. 113 പന്തിൽ 86 റൺസെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കലായിരുന്നു കളിയിലെ താരം.