ഋഷഭ് പന്ത് വേണ്ട, ചാംപ്യൻസ് ട്രോഫിയിൽ കീപ്പറായി സഞ്ജു സാംസൺ മതി: പിന്തുണച്ച് മുൻ ഇന്ത്യൻ താരം

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസൺ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഇറങ്ങണമെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ഋഷഭ് പന്ത് പുറത്തിരിക്കണമെന്നാണ് ഹർഭജന്റെ നിലപാട്. തന്റെ ടീമിൽ സഞ്ജുവായിരിക്കും കീപ്പറെന്ന് ഹർഭജൻ ഒരു സ്പോർട്സ് മാധ്യമത്തിൽ പ്രതികരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കും. ഇന്ത്യയും പാക്കിസ്ഥാനും മാത്രമാണ് ഇനി ടീമുകളെ തീരുമാനിക്കാനുള്ളത്.
വിക്കറ്റ് കീപ്പറായി ആരെ തിരഞ്ഞെടുക്കുമെന്നത് സിലക്ടർമാരെ വട്ടം ചുറ്റിക്കുന്ന കാര്യമാണ്. സഞ്ജു സാംസൺ, ഋഷഭ് പന്ത്, കെ.എല്‍. രാഹുൽ, ധ്രുവ് ജുറേൽ എന്നിവരാണു വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ടീമിൽ അവസരം കാത്തിരിക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ ട്വന്റി20യിൽനിന്ന് വിരമിച്ചതോടെ ലഭിച്ച അവസരം സഞ്ജു സാംസൺ കൃത്യമായി ഉപയോഗിക്കുകയും ചെയ്തു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്ന് സെഞ്ചറികളാണ് സഞ്ജു അടിച്ചുകൂട്ടിയത്.
ഇതോടെയാണു നിലവിലെ ഫോം പരിഗണിച്ച് സഞ്ജുവിനെ ചാംപ്യൻസ് ട്രോഫിയിൽ വിക്കറ്റ് കീപ്പറാക്കണമെന്ന ആവശ്യമുയർന്നത്. ഹർഭജൻ സിങ്ങുൾപ്പടെയുള്ള മുൻ താരങ്ങള്‍ സഞ്ജുവിനു വേണ്ടി ശബ്ദമുയർത്തുകയും ചെയ്തു. ഋഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പറായി വന്നാൽ സഞ്ജു സാംസൺ രണ്ടാമനായി ചാംപ്യൻസ് ട്രോഫി ടീമിനൊപ്പമുണ്ടാകാനാണു സാധ്യത.
അതേസമയം കഴിഞ്ഞ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്ന കെ.എൽ. രാഹുലും ചാംപ്യന്‍സ് ട്രോഫി ടീമിലുണ്ടാകും. എന്നാൽ സ്പെഷലിസ്റ്റ് ബാറ്റർ മാത്രമായി രാഹുൽ കളിച്ചേക്കും. വിജയ് ഹസാരെ ട്രോഫിയിലെ തകർപ്പൻ പ്രകടനത്തോടെ കരുൺ നായർ, ദേവ്ദത്ത് പടിക്കല്‍ എന്നിവരും ചാംപ്യന്‍സ് ട്രോഫി ടീമിലേക്ക് അവകാശമുന്നയിച്ചിട്ടുണ്ട്.