44 പന്തിൽ 88 നോട്ടൗട്ട്, ശരാശരി 752; തീപ്പൊരി ബാറ്റിങ്ങുമായി വീണ്ടും കരുൺ നായർ; സിലക്ടർമാർ ഞെട്ടിയോ?

Mail This Article
വഡോദര∙ വിജയ് ഹസാരെ ട്രോഫിയിൽ കരുൺ നായർ സെഞ്ചറിയടിക്കുന്നത് എങ്ങനെ തടയാം? വിദർഭയുടെ ഓപ്പണർമാരെ പുറത്താക്കാതിരുന്നാൽ മതി! വൺഡൗണായി ഇറങ്ങുന്ന കരുണിന്റെ സെഞ്ചറി തടയാൻ മഹാരാഷ്ട്ര ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദ് പ്രയോഗിച്ച തന്ത്രം ഇതായിരുന്നെന്നാണ് സമൂഹമാധ്യമങ്ങളിൽ തമാശരൂപേണ ആരാധകരുടെ പ്രതികരണം. കരുൺ നായരുടെ കുതിപ്പിനെ തടയാൻ മറ്റൊരു വഴിയുമില്ലെന്നതിനു വിജയ് ഹസാരെയിലെ അദ്ദേഹത്തിന്റെ പ്രകടനം തന്നെ തെളിവാണ്. ഇതുവരെ കളിച്ച എട്ട് ഇന്നിങ്സുകളിൽ ആറിലും കരുൺ നായർ നോട്ടൗട്ടായിരുന്നു.
മഹാരാഷ്ട്രയ്ക്കെതിരായ സെമി ഫൈനലിൽ 44 പന്തുകളിൽനിന്ന് 88 റൺസാണ് വിദർഭ ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. ഇതുവരെ വിജയ് ഹസാരെയിൽ താരം നേടിയത് അഞ്ച് സെഞ്ചറികള്‍!. 112, 44, 163, 111, 112, 122, 88 എന്നിങ്ങനെയാണ് ടൂര്‍ണമെന്റിൽ താരത്തിന്റെ പ്രകടനം. 752 ആണ് താരത്തിന്റെ ശരാശരി. വിജയ് ഹസാരെ ട്രോഫിയിൽ 700ന് മുകളിൽ സ്കോർ കണ്ടെത്തുന്ന ആദ്യ ക്യാപ്റ്റനാണ് കരുൺ നായർ. 2022–23 സീസണിൽ ഋതുരാജ് ഗെയ്ക്‌വാദ് 660 റൺസടിച്ചതായിരുന്നു ടൂര്‍ണമെന്റിലെ ഒരു ക്യാപ്റ്റന്റെ ഇതുവരെയുള്ള മികച്ച പ്രകടനം.
ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയുടെ താരമായിരുന്ന കരുൺ നായര്‍ കൂടുതൽ അവസരങ്ങൾ തേടിയാണ് വിദർഭയിലെത്തിയത്. പിന്നീട് കളിച്ച എല്ലാ ടൂർണമെന്റുകളിലും കരുൺ നായർ തിളങ്ങി. കർണാടക ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന മഹാരാജ ട്വന്റി20 ട്രോഫിയിൽ 12 മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളുമടക്കം 560 റൺസാണ് കരുണ്‍ അടിച്ചെടുത്തത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആറ് ഇന്നിങ്സുകളിൽനിന്ന് 255 റൺസും നേടി. കഴിഞ്ഞ വർഷം ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിലും താരം കളിച്ചിരുന്നു.
കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയിൽ ഗംഭീര പ്രകടനം നടത്തിയിട്ടും ഈ സീസണിലെ ദുലീപ് ട്രോഫിക്കുള്ള ടീമിൽ കരുണിന് അവസരമുണ്ടായിരുന്നില്ല. ‘ശ്രദ്ധ നേടാനായി ഓരോ ഇന്നിങ്സിലും സെഞ്ചറി അടിക്കണമെന്ന അവസ്ഥയാണെന്ന്’ കരുൺ നായര്‍ മുൻപൊരിക്കൽ പ്രതികരിച്ചിരുന്നു. ദുലീപ് ട്രോഫിയിൽനിന്ന് ഒഴിവാക്കിയതിന്റെ സങ്കടത്തിലാണ് ഇങ്ങനെ പറഞ്ഞതെന്ന് കരുൺ പിന്നീടു വ്യക്തമാക്കി. തുടർച്ചയായുള്ള സെഞ്ചറികളുമായി ബിസിസിഐയുടെ സിലക്ടർമാര്‍ക്കു മുന്നിൽ കരുൺ എത്തിക്കഴിഞ്ഞു. ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ‘സർപ്രൈസ് എൻട്രി’യായി 33 വയസ്സുകാരനായ താരം എത്തുമോയെന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.