കരുൺ വീണ്ടും കസറി, വിദർഭ– കർണാടക ഫൈനൽ നാളെ

Mail This Article
വഡോദര ∙ മഹാരാഷ്ട്രയെ 69 റൺസിന് തോൽപിച്ച് വിദർഭ വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ. ധ്രുവ് ഷോറെയുടെയും (120 പന്തിൽ 114) യഷ് റാത്തോഡിന്റെയും (101 പന്തിൽ 116) സെഞ്ചറി മികവിൽ 380 റൺസിന്റെ കൂറ്റൻ സ്കോറുയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ മഹാരാഷ്ട്രയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ടൂർണമെന്റിൽ മിന്നും ഫോമിൽ തുടരുന്ന വിദർഭ ക്യാപ്റ്റൻ കരുൺ നായർ 88 റൺസ് നേടി പുറത്താകാതെ നിന്നു. സ്കോർ: വിദർഭ–50 ഓവറിൽ 3ന് 380. മഹാരാഷ്ട്ര– 50 ഓവറിൽ7ന് 311. നാളെ നടക്കുന്ന ഫൈനലിൽ കർണാടകയാണ് വിദർഭയുടെ എതിരാളികൾ.
വിദർഭ ഇന്നിങ്സിൽ മൂന്നാമനായെത്തിയ കരുൺ 44 പന്തിലാണ് പുറത്താകാതെ 88 റൺസെടുത്തത്. ടൂർണമെന്റിൽ 5 സെഞ്ചറികൾ നേടിയ കരുൺ 7 ഇന്നിങ്സുകളിൽ നിന്ന് 752 റൺസാണ് ഇതുവരെ നേടിയത്. ഒരു തവണ മാത്രം പുറത്തായ കരുണിന്റെ ടൂർണമെന്റിലെ ബാറ്റിങ് ശരാശരിയും 752 ആണ്.