അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് ഇന്നുമുതൽ; ഇന്ത്യയുടെ ആദ്യ മത്സരം നാളെ വെസ്റ്റിൻഡീസിനെതിരെ

Mail This Article
ക്വാലലംപുർ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ അലമാരയിലേക്ക് ആദ്യമായി ഒരു ലോകകപ്പ് കിരീടമെത്തിയത് 2 വർഷം മുൻപാണ്. 2023ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിൽ ജേതാക്കളായ ഇന്ത്യയുടെ കൗമാരപ്പട, ആ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനിറങ്ങുന്നു. അണ്ടർ 19 വനിതാ ലോകകപ്പിന്റെ രണ്ടാം പതിപ്പിന് ഇന്നു മലേഷ്യയിൽ തുടക്കം. ട്വന്റി20 ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഉൾപ്പെടെ 16 ടീമുകളുണ്ട്. ആദ്യദിനമായ ഇന്ന് 6 മത്സരങ്ങളുണ്ട്. നാളെ വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. കഴിഞ്ഞ മാസം ഇതേ മണ്ണിൽ ഏഷ്യൻ അണ്ടർ 19 ക്രിക്കറ്റ് ജേതാക്കളായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീമിറങ്ങുന്നത്.
കർണാടക സ്വദേശിനിയായ ഓൾറൗണ്ടർ നിക്കി പ്രസാദാണ് ക്യാപ്റ്റൻ. അണ്ടർ 19 ഏഷ്യാ കപ്പിൽ പ്ലെയർ ഓഫ് ദ് സീരീസായിരുന്ന ടോപ് ഓർഡർ ബാറ്റർ ജി.തൃഷ, ടൂർണമെന്റിൽ വിക്കറ്റ് നേട്ടത്തിൽ മുൻനിരയിലെത്തിയ സ്പിന്നർമാരായ ആയുഷി ശുക്ല, സോനം യാദവ് എന്നിവരാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. 16 ടീമുകൾ 4 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ആദ്യ റൗണ്ട് മത്സരം. വെസ്റ്റിൻഡീസിനു പുറമേ മലേഷ്യ, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയുടെ എതിരാളികൾ. ഫെബ്രുവരി രണ്ടിനാണ് ഫൈനൽ.

പ്രതീക്ഷയായി ജോഷിത
15 അംഗ ഇന്ത്യൻ ടീമിൽ കേരളത്തിന്റെ പ്രതീക്ഷയായി വയനാട്ടുകാരി വി.ജെ.ജോഷിതയുമുണ്ട്. അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഓൾറൗണ്ടറായ ജോഷിതയെ ലോകകപ്പ് ടീമിലെത്തിച്ചത്. കഴിഞ്ഞ വനിതാ പ്രിമിയർ ലീഗ് ലേലത്തിൽ (ഡബ്ല്യുപിഎൽ) റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ജോഷിതയെ 10 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. കൽപറ്റ ഗ്രാമത്തുവയൽ ജോഷിയുടെയും ശ്രീജയുടെയും മകളായ ജോഷിത ബത്തേരി സെന്റ് മേരീസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ്. അണ്ടർ 19 കേരള ടീം ക്യാപ്റ്റനായിരുന്ന താരം സീനിയർ ടീമിലും കളിച്ചിട്ടുണ്ട്.