‘കാരണം പറയാതെ സഞ്ജു വിട്ടുനിന്നു, അച്ചടക്ക നടപടിയുണ്ടോയെന്ന് ബിസിസിഐ ചോദിച്ചു’

Mail This Article
തിരുവനന്തപുരം∙ കാരണം പറയാതെ ടീമിൽനിന്നു വിട്ടുനിന്നതു കൊണ്ടാണ് സഞ്ജു സാംസണെ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റിൽനിന്ന് ഒഴിവാക്കിയതെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്. രഞ്ജി ട്രോഫിക്കിടയിലും സമാന അനുഭവമുണ്ടായി. കർശന അച്ചടക്കം ഉറപ്പാക്കണമെന്നാണ് ബിസിസിഐ നിർദേശം. എന്നിട്ടും സഞ്ജുവിനെതിരെ കെസിഎ നടപടിയെടുത്തിട്ടില്ല.’’– ജയേഷ് ജോർജ് പ്രതികരിച്ചു.
‘‘സഞ്ജു ഇന്ത്യൻ ടീമിൽ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷ. വിജയ് ഹസാരെ ചാംപ്യൻഷിപ്പിൽ കളിക്കാത്തതിനു സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുണ്ടോയെന്ന് സിലക്‌ഷൻ കമ്മിറ്റി മീറ്റിങ്ങിനു മുൻപ് ബിസിസിഐ സിഇഒ ചോദിച്ചിരുന്നു. ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. വിജയ് ഹസാരെ ടൂർണമെന്റിൽ എന്തുകൊണ്ട് സഞ്ജു കളിച്ചില്ലെന്നു ദേശീയ ടീം സിലക്ടറും മുൻപു തിരക്കി.’’– ജയേഷ് ജോർജ് വെളിപ്പെടുത്തി.
മികച്ച ഫോമിലായിരുന്നിട്ടും ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണിന് ഇടം ലഭിച്ചിരുന്നില്ല. കെ.എൽ.രാഹുലും ഋഷഭ് പന്തുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര പ്രകടനം നടത്തിയ വിദർഭ ടീമിന്റെ മലയാളി ക്യാപ്റ്റൻ കരുൺ നായരെയും ബിസിസിഐ ഇന്ത്യൻ ടീമിലേക്കു പരിഗണിച്ചില്ല.