കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുന്നു, അവർക്കു വിഷമമില്ലേ?: ആഞ്ഞടിച്ച് തരൂർ

Mail This Article
തിരുവനന്തപുരം∙ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയ സംഭവത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ആഞ്ഞടിച്ച് ശശി തരൂർ എംപി. കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയർ തകർക്കുകയാണെന്ന് തരൂർ എക്സ് പ്ലാറ്റ്ഫോമിൽ വ്യക്തമാക്കി. മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് സഞ്ജുവിനെ ബിസിസിഐ ഏകദിന ടൂർണമെന്റിൽനിന്നു മാറ്റിനിർത്തിയത്.
‘‘സഞ്ജുവിനെ ഒഴിവാക്കിയതിൽ അവർക്കു വിഷമമില്ലേ? സഞ്ജുവിനെ കേരള ടീമിൽ ഉൾപ്പെടുത്താത്തതിലൂടെ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ ക്വാർട്ടർ ഫൈനൽ സാധ്യത കൂടിയാണ് കെസിഎ തകർത്തത്.’’– ശശി തരൂർ പ്രതികരിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ 212 റൺസെടുത്ത താരമാണു സഞ്ജുവെന്നും ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന പോരാട്ടത്തിൽ സെഞ്ചറി നേടിയ താരത്തെയാണു മാറ്റിനിർത്തിയതെന്നും തരൂർ വ്യക്തമാക്കി.
കെസിഎയുടെ പരിശീലന ക്യാംപുകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നു സഞ്ജു നേരത്തേ തന്നെ അറിയിച്ചിരുന്നതായും ശശി തരൂർ അവകാശപ്പെട്ടു. ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർമാർ.