സഞ്ജു സാംസൺ നിരാശപ്പെടരുത്, പിന്നിലാക്കിയത് ‘ഗെയിം ചെയ്ഞ്ചർ’ ഋഷഭ് പന്താണ്: സുനിൽ ഗാവസ്കര്‍

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ എന്തുകൊണ്ടാണ് ഋഷഭ് പന്തിന് ഇടം ലഭിച്ചതെന്നു വിശദീകരിച്ച് മുൻ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്കർ. ഋഷഭ് പന്ത് ശരിക്കും ഒരു ‘ഗെയിം ചെയ്ഞ്ചർ’ ആണെന്നും അതുകൊണ്ടാണ് മികച്ച ഫോമിലുള്ള സഞ്ജു പിന്നിലായിപ്പോയതെന്നും ഗാവസ്കർ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ഋഷഭ് പന്തും കെ.എല്‍. രാഹുലുമാണ് ചാംപ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ.
‘‘നൂറു കണക്കിനു റൺസ് സ്കോർ ചെയ്യുന്ന സഞ്ജുവിനെപ്പോലൊരു താരത്തിന് ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകും. സഞ്ജുവിനെ പുറത്താക്കിയതിൽ ഒരു കാരണവും പറയാനാകില്ല. പക്ഷേ ഗെയിം ചെയ്ഞ്ചറായ ഋഷഭ് പന്തിനു മുന്നിലാണു സഞ്ജു സാംസൺ വീണത്. കൂടാതെ പന്ത് ഇടം കൈ ബാറ്ററാണ്. മികച്ച വിക്കറ്റ് കീപ്പറും കൂടിയാണ് അദ്ദേഹം.’’
‘‘ഒരുപക്ഷേ സഞ്ജു സാംസണേക്കാൾ മികച്ച ബാറ്ററായിരിക്കില്ല ഋഷഭ് പന്ത്. പക്ഷേ സഞ്ജുവിനേക്കാളും കുറച്ചുകൂടി നന്നായി കളി മാറ്റിമറിക്കാൻ ഋഷഭ് പന്തിനു സാധിച്ചേക്കും. അതുകൊണ്ടാണു സഞ്ജു ടീമിനു പുറത്തായിപ്പോയത്. പക്ഷേ സഞ്ജു നിരാശനാകേണ്ട കാര്യമില്ല. കാരണം സഞ്ജുവിന്റെ നേട്ടങ്ങൾ എത്രത്തോളമുണ്ടെന്ന് ഇന്ത്യൻ ആരാധകർക്കു നന്നായി അറിയാം.’’– ഗാവസ്കര്‍ പ്രതികരിച്ചു.