ഇതാ ജോഷിത ! അണ്ടര് 19 ട്വന്റി20 ലോകകപ്പിൽ മലയാളി താരത്തിന് രണ്ടു വിക്കറ്റ്, പ്ലെയർ ഓഫ് ദ് മാച്ച്

Mail This Article
ക്വാലലംപുർ∙ 2 ഓവറിൽ 5 റൺസ് വഴങ്ങി 2 വിക്കറ്റ്, ഒപ്പം പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ! അണ്ടർ 19 ട്വന്റി20 വനിതാ ലോകകപ്പിൽ മലയാളി താരം വി.ജെ.ജോഷിതയ്ക്ക് ഇതിലും മികച്ചൊരു അരങ്ങേറ്റം ലഭിക്കാനില്ല. ജോഷിതയുടെ തീപ്പൊരി ബോളിങ് സ്പെല്ലിന്റെ മികവിൽ അണ്ടർ 19 വനിതാ ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 13.2 ഓവറിൽ 44 റൺസിന് പുറത്താക്കിയ ഇന്ത്യ 4.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളി.
സർവം ഇന്ത്യ
പിച്ച് പേസ് ബോളർമാരെ തുണയ്ക്കുമെന്ന് ഉറപ്പുള്ളതിനാലാകാം ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ നിക്കി പ്രസാദിനു ബോളിങ് തിരഞ്ഞെടുക്കാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടിവന്നില്ല. തന്റെ രണ്ടാം ഓവറിൽ തന്നെ വിൻഡീസ് ക്യാപ്റ്റൻ സമാറ റാംനാഥിനെ (3) പുറത്താക്കിയ ജോഷിതയാണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. തൊട്ടടുത്ത പന്തിൽ നൈജാനി കബർബാച്ചിനെയും (0) മടക്കിയ ജോഷിത വിൻഡീസിനെ 2ന് 10 എന്ന നിലയിലേക്ക് തള്ളിയിട്ടു. തുടക്കത്തിലേറ്റ തിരച്ചടിയിൽ നിന്ന് കരകയറാൻ വിൻഡീസിന് പിന്നീട് സാധിച്ചില്ല.
വിൻഡീസ് നിരയിലെ 5 താരങ്ങളാണ് പൂജ്യത്തിനു പുറത്തായത്. ഓപ്പണർ അസബി കലണ്ടർക്കും (12) മധ്യനിര താരം കെനിക സീസറിനും (15) ഒഴികെ മറ്റൊരു വിൻഡീസ് താരത്തിനും രണ്ടക്കം കാണാൻ സാധിച്ചില്ല. ഇന്ത്യയ്ക്കായി ജോഷിതയ്ക്കു പുറമേ പാരുണിക സിസോദിയ മൂന്നും ആയുഷി ശുക്ല രണ്ടും വിക്കറ്റ് വീഴ്ത്തി.