ചാംപ്യൻസ് ട്രോഫി ടീമിൽ മാറ്റങ്ങൾക്ക് ഫെബ്രുവരി 13 വരെ സമയം, സഞ്ജുവിന് നിർണായകം; വിദൂര സാധ്യത ബാക്കിയുണ്ട്!

Mail This Article
കൊൽക്കത്ത∙ ചാംപ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപനത്തെച്ചൊല്ലി വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ഇംഗ്ലണ്ടുമായി ട്വന്റി20 പരമ്പരയ്ക്കായി ടീം ഇന്ത്യ ഒരുങ്ങിക്കഴിഞ്ഞു. 5 മത്സര പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി 7ന് കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ നടക്കും. ചാംപ്യൻസ് ട്രോഫിക്കുള്ള പ്രധാന താരങ്ങളെ ഒഴിവാക്കി യുവനിരയുമായാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നത്. പേസർ മുഹമ്മദ് ഷമിയുടെ രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ്, ചാംപ്യൻസ് ട്രോഫി ഏകദിന ടീമിൽനിന്നു തഴയപ്പെട്ട സഞ്ജു സാംസൺ മുതൽ സൂര്യകുമാർ യാദവ് വരെയുള്ള താരങ്ങളുടെ പ്രകടനം, ട്വന്റി20 ടീമിൽ സ്ഥാനം ഉറപ്പിക്കാൻ യുവതാരങ്ങൾക്കുള്ള അവസരം തുടങ്ങി ഒട്ടേറെക്കാര്യങ്ങൾ ഈ പരമ്പരയിലുണ്ട്.
സഞ്ജുവിന് നിർണായകം
ചാംപ്യൻസ് ട്രോഫി ടീമിൽനിന്നു തഴയപ്പെട്ട സഞ്ജു സാംസണ് ഈ പരമ്പര നിർണായകമാകും. ചാംപ്യൻസ് ട്രോഫി ടീമിൽ മാറ്റം വരുത്താൻ ഫെബ്രുവരി 13 വരെ സമയമുള്ളതിനാൽ ട്വന്റി20 പരമ്പരയിൽ മികവു തെളിയിച്ചാൽ സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്കു ടീമിലെത്താൻ വിദൂര സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20 പരമ്പരയിൽ 2 സെഞ്ചറി ഉൾപ്പെടെ നേടി തിളങ്ങിയ സഞ്ജു, ഇംഗ്ലണ്ടിനെതിരെയും ഓപ്പണറുടെ റോളിൽ കളിക്കും.
ഷമി റിട്ടേൺസ്
14 മാസത്തിനു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുകയാണ്. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെത്തിയ ഷമി പരിശീലനം ആരംഭിച്ചു. കാൽമുട്ടിനേറ്റ പരുക്കും തുടർന്നുണ്ടായ ശസ്ത്രക്രിയയും കാരണമാണ് ഒരു വർഷത്തിലേറെയായി ഷമി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിട്ടുനിന്നത്. കഴിഞ്ഞ മാസം ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുത്ത ഷമി ഫിറ്റ്നസ് തെളിയിച്ചിരുന്നു. എന്നാൽ പഴയ വേഗവും ലൈൻ ആൻഡ് ലെങ്തും നേടാൻ ഷമിക്കു സാധിച്ചിട്ടില്ല. ദേശീയ ടീമിനൊപ്പമുള്ള പരിശീലന സെഷനിലും ഷമി ഫുൾ റണ്ണപ്പിൽ പന്തെറിഞ്ഞിരുന്നില്ല.
പ്രതീക്ഷയോടെ ജുറേൽ
ജിതേഷ് ശർമയ്ക്കു പകരം രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തിയ ധ്രുവ് ജുറേലിന് ഇംഗ്ലണ്ട് പരമ്പരയിൽ മികവു തെളിയിച്ചേ മതിയാകൂ. ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ടെസ്റ്റ് പരമ്പരയിൽ ആദ്യ മത്സരത്തിൽ അവസരം ലഭിച്ചെങ്കിലും ജുറേലിനു റൺ കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും ജുറേലിന്റെ പ്രതിഭ കണക്കിലെടുത്താണ് ഇംഗ്ലണ്ട് പരമ്പരയിൽ സിലക്ടർമാർ വീണ്ടും അവസരം നൽകിയത്. ഈ അവസരം നഷ്ടപ്പെടുത്തിയാൽ ദേശീയ ടീമിലേക്ക് അടുത്തൊന്നും മടങ്ങിയെത്താൻ ജുറേലിന് സാധിക്കില്ല.