മനോരമ കോർപറേറ്റ് ക്രിക്കറ്റ് ലീഗ്: കൊഗ്നിസന്റും ഏൺസ്റ്റ് ആൻഡ് യങ്ങും ജേതാക്കൾ

Mail This Article
കൊച്ചി ∙ മനോരമ കോർപറേറ്റ് ക്രിക്കറ്റ് ലീഗിന്റെ രണ്ടാം പതിപ്പിൽ പുരുഷ വിഭാഗത്തിൽ കൊഗ്നിസന്റും വനിത വിഭാഗത്തിൽ ഏൺസ്റ്റ് ആൻഡ് യങ്ങും (ഇവൈ) ജേതാക്കളായി. പുരുഷ വിഭാഗം ഫൈനലിൽ ടിസിഎസ്സിനെ 20 റൺസിനു കൊഗ്നിസന്റ് പരാജയപ്പെടുത്തി. വനിതകളിൽ സൗത്ത് ഇന്ത്യൻ ബാങ്കിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തിയാണ് ഇവൈ ചാംപ്യൻമാരായത്.

4 ദിവസമായി നടന്ന മത്സരങ്ങളിൽ 24 ടീമുകൾ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ മികച്ച ബാറ്ററായി കെ.വി. വിവേകും (ടിസിഎസ്) മികച്ച ബോളറായി ഫയാസ് റഷീദും (ടിസിഎസ്) തിരഞ്ഞെടുക്കപ്പെട്ടു. കെ.വി. വിവേക് ടൂർണമെന്റിലെ താരമായി. വനിതകളിൽ മികച്ച ബാറ്ററായി ജിൻസി മേടയിൽ ജോണും (ഇവൈ) മികച്ച ബോളറായി ആരതി രാജേഷും തിരഞ്ഞെടുക്കപ്പെട്ടു. ജിൻസിയാണു ടൂർണമെന്റിലെ താരം.

ഒന്നാം സ്ഥാനക്കാർക്ക് 80,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 40,000 രൂപയും ട്രോഫിയും സമ്മാനമായി നൽകി. സംവിധായകൻ എബ്രിഡ് ഷൈൻ വിജയികൾക്കു ട്രോഫികൾ സമ്മാനിച്ചു. മലയാള മനോരമ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബി. ബാലഗോപാൽ പ്രസംഗിച്ചു. കോൺഫിഡന്റ് ഗ്രൂപ്പ് സഹ പ്രായോജകരും കെഎൽഎം അക്സിവ, ഫോർച്യൂൺ ടൂർസ് ആൻഡ് ട്രാവൽസ് എന്നിവർ അസോഷ്യേറ്റ് സ്പോൺസർമാരുമായിരുന്നു.
