‘ഒന്നും അസാധ്യമല്ല, ഞാൻ പാടി’: ടീമംഗങ്ങൾക്കു മുൻപിൽ ഹിന്ദി ഗാനം ആലപിക്കുന്ന ദൃശ്യം പങ്കുവച്ച് സഞ്ജു– വിഡിയോ

Mail This Article
കൊൽക്കത്ത∙ ഇംഗ്ലണ്ടിനെതിരായ 5 മത്സരങ്ങൾ ഉൾപ്പെടുന്ന ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കമാകാനിരിക്കെ, ടീമംഗങ്ങൾക്കു മുന്നിൽ ഹിന്ദി ഗാനം ആലപിച്ച് മലയാളി താരം സഞ്ജു സാംസൺ. ടീമിന്റെ ബാറ്റിങ് പരിശീലകൻ കൂടിയായ മുംബൈ മലയാളി അഭിഷേക് നായർക്കൊപ്പമാണ് സഞ്ജു ഹിന്ദി ഗാനം ആലപിച്ചത്. ആമിർ ഖാൻ നായകനായി 1992ൽ പുറത്തിറങ്ങിയ ‘ജോ ജീത വോഹി സിക്കന്ദർ’ എന്ന ചിത്രത്തിലെ, ‘പെഹ്‌ലാ നാഷ’ എന്ന ഗാനമാണ് സഞ്ജുവും അഭിഷേക് നായരും ചേർന്ന് ആലപിച്ചത്.
സഞ്ജു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഇതിന്റെ വിഡിയോ ഇതിനകം വൈറലായി. ‘ഒന്നും അസാധ്യമല്ല. ഞാൻ പാടി’ എന്ന് ആരംഭിക്കുന്ന ലഘു കുറിപ്പ് സഹിതമാണ് സഞ്ജു വിഡിയോ പങ്കുവച്ചത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഉൾപ്പെടെയുള്ളവർ വിഡിയോയ്ക്ക് താഴെ പ്രതികരണവുമായി എത്തിയിട്ടുണ്ട്.
അതേസമയം, ചാംപ്യൻസ് ട്രോഫി ടീമിൽനിന്നു തഴയപ്പെട്ട സഞ്ജു സാംസണ് ഇംഗ്ലണ്ടിനെതിരായ പരമ്പര നിർണായകമാകും. ചാംപ്യൻസ് ട്രോഫി ടീമിൽ മാറ്റം വരുത്താൻ ഫെബ്രുവരി 13 വരെ സമയമുള്ളതിനാൽ ട്വന്റി20 പരമ്പരയിൽ മികവു തെളിയിച്ചാൽ സഞ്ജു ഉൾപ്പെടെയുള്ള താരങ്ങൾക്കു ടീമിലെത്താൻ വിദൂര സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ട്വന്റി20 പരമ്പരയിൽ 2 സെഞ്ചറി ഉൾപ്പെടെ നേടി തിളങ്ങിയ സഞ്ജു, ഇംഗ്ലണ്ടിനെതിരെയും ഓപ്പണറുടെ റോളിൽ കളിക്കും.