മലേഷ്യ 31ന് ഓൾഔട്ട്, ടോപ് സ്കോറർ ‘എക്സ്ട്രാസ്’; 2.5 ഓവറിൽ കളി തീർത്ത് ഇന്ത്യ, വമ്പൻ വിജയം

Mail This Article
ക്വാലലംപൂർ∙ അണ്ടർ 19 വനിതാ ലോകകപ്പിൽ ആതിഥേയരായ മലേഷ്യയെ നാണംകെടുത്തി ഇന്ത്യൻ വനിതകൾ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ പത്തു വിക്കറ്റു വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത മലേഷ്യ ഉയർത്തിയ 32 റൺസ് വിജയലക്ഷ്യത്തിലേക്ക് 2.5 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇന്ത്യയെത്തി. നാലോവറിൽ അഞ്ചു റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ വൈഷ്ണവി ശർമയാണ് കളിയിലെ താരം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മലേഷ്യ 14.3 ഓവറിൽ 31 റൺസെടുത്ത് ഓൾഔട്ടായി. എക്സ്ട്രാസായി കിട്ടിയ 11 റൺസാണ് മലേഷ്യയുടെ ടോപ് സ്കോർ. ഓപ്പണർ നൂർ അലിയ ബിൻറി, നസതുൽ ഹിദായത് ഹുസ്ന എന്നിവർ അഞ്ചു റൺസ് വീതം നേടി. ഇന്ത്യയ്ക്കായി ആയുഷി ശുക്ല മൂന്നും മലയാളി താരം വി.ജെ. ജോഷിത ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ 12 പന്തിൽ 27 റൺസെടുത്ത ഗോങ്ഗഡി ത്രിഷയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 2.5 ഓവറിൽ ഇന്ത്യ വിജയ റൺസ് കുറിച്ചു. 103 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ വനിതകളുടെ വിജയം. രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്താണ്. 23ന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.