‘ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക, ഇക്കാര്യത്തിൽ സഞ്ജുവിനെ മാതൃകയാക്കാം’: അഭിഷേകിനോട് ചോപ്ര

Mail This Article
കൊൽക്കത്ത∙ ലഭിക്കുന്ന അവസരങ്ങൾ പരമാവധി മുതലെടുത്ത് ടീമിൽ സ്ഥാനം ഉറപ്പിക്കുന്ന കാര്യത്തിൽ അഭിഷേക് ശർമ സഹ ഓപ്പണറും മലയാളിയുമായ സഞ്ജു സാംസണിനെ മാതൃകയാക്കണമെന്ന് മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പര അഭിഷേക് ശർമയെ സംബന്ധിച്ച് അവസാന അവസരമാകാനാണ് സാധ്യതയെന്ന് ആകാശ് ചോപ്ര മുന്നറിയിപ്പു നൽകി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ രണ്ടു സെഞ്ചറികളുമായി ടീമിൽ ഇടമുറപ്പിച്ച സഞ്ജുവിന്റെ ശൈലിയിൽ, ഇംഗ്ലണ്ടിനെതിരെ അഭിഷേകും മികച്ച പ്രകടനം ഉറപ്പാക്കണമെന്നാണ് ചോപ്രയുടെ ഉപദേശം. ഇല്ലെങ്കിൽ അഭിഷേകിന്റെ ടീമിലെ സ്ഥാനത്തിന് യശസ്വി ജയ്‌സ്വാൾ ഭീഷണിയായേക്കുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
‘‘അഭിഷേക് ശർമയുടെ ഫോം ഇടയ്ക്കിടെ മങ്ങുകയും തെളിയുകയും ചെയ്യുന്നുണ്ട്. കരിയറിന്റെ തുടക്കത്തിൽ, തന്റെ രണ്ടാമത്തെ മത്സരത്തിൽത്തന്നെ സിംബാബ്‌വെയ്‌ക്കെതിരെ അഭിഷേക് സെഞ്ചറി നേടിയിരുന്നു. അതിനു ശേഷവും അദ്ദേഹത്തിന്റെ പ്രതിഭയും കഴിവും ചർച്ചയായി. പക്ഷേ, മികച്ച പ്രകടനം മാത്രം വന്നില്ല. ഇത് അഭിഷേകിന് ലഭിക്കുന്ന അവസാന അവസരമായിരിക്കുമെന്ന് ഞാൻ കരുതുന്നു. അഭിഷേകിന്റെ ബാറ്റിങ് കാണാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. നന്നായി കളിക്കാൻ കഴിഞ്ഞാൽ വളരെ നന്നാകുമെന്ന് കരുതുന്നു.’’ – ആകാശ് ചോപ്ര പറഞ്ഞു.
‘‘ഈ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാൻ പരമാവധി ശ്രമിക്കുക. ഏറ്റവും ഒടുവിൽ കളിച്ച മൂന്നു മത്സരങ്ങളിൽ സഞ്ജു സാംസൺ ചെയ്തതുപോലെ, ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുത്ത് ടീമിൽ സ്ഥാനം ഉറപ്പിക്കുക. അതു സാധിച്ചില്ലെങ്കിൽ, ഭാവിയിൽ യശസ്വി ജയ്‌സ്വാൾ ടീമിൽ തിരിച്ചെത്താനും അഭിഷേകിന്റെ സ്ഥാനം പോകാനും സാധ്യതയുണ്ട്’– ആകാശ് ചോപ്ര വിശദീകരിച്ചു.
രാജ്യാന്തര ട്വന്റി20യിൽ 23 മത്സരങ്ങളിലനിന്ന് 36.15 ശരാശരിയിൽ 723 റൺസ് നേടിയിട്ടുള്ള താരമാണ് യശസ്വി ജയ്‌സ്വാൾ. 164.31 എന്ന ആകർഷകമായ സ്ട്രൈക്ക് റേറ്റുമുണ്ട്. ടെസ്റ്റിലും ഇപ്പോൾ ഏകദിനത്തിലും ടീം ആശ്രയിക്കുന്ന താരമായതിനാൽ, ട്വന്റി20യിൽ ജയ്‌സ്വാളിന് തുടർച്ചയായി അവസരം ലഭിക്കാറില്ല.
അതേസമയം, 12 മത്സരങ്ങളിൽനിന്ന് 24.25 ശരാസരിയിൽ 256 റൺസാണ് അഭിഷേക് ശർമയുടെ ഇതുവരെയുള്ള സമ്പാദ്യം. 173.21 സ്ട്രൈക്ക് റേറ്റുമുണ്ട്. സിംബാബ്‌വെയ്‌ക്കെതിരായ സെഞ്ചറിക്കു പുറമേ ഒരു അർധസെഞ്ചറിയും അഭിഷേക് ശർമയുടെ പേരിലുണ്ട്.