ആദ്യ ഓവറിൽ റണ്ണെടുത്തത് ഒറ്റപ്പന്തിൽ, അടുത്ത ഓവറിൽ ബൗണ്ടറിയടിക്കാതെ വിട്ടത് ഒറ്റപ്പന്ത്; ഈഡനിൽ സഞ്ജുവിന്റെ ‘പഞ്ച്’– വിഡിയോ

Mail This Article
കൊൽക്കത്ത∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഒരേസമയം കരുതലിന്റെയും ആക്രമണത്തിന്റെയും പാത സ്വീകരിച്ച് സഞ്ജു സാംസണിന്റെ ബാറ്റിങ്. ഇംഗ്ലണ്ട് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് കളത്തിലിറങ്ങിയ ഇന്ത്യയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തത് സഞ്ജു. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ അഞ്ച് പന്തിലും റണ്ണെടുക്കാനാകാതെ കാഴ്ചക്കാരനായ സഞ്ജു, അവസാന പന്തിൽ സിംഗിളെടുത്തതോടെ വീണ്ടും ക്രീസിൽ. ഇംഗ്ലിഷ് യുവതാരം ഗസ് അറ്റ്കിൻസൻ എറിഞ്ഞ അടുത്ത ഓവറിൽ ആറിൽ അഞ്ച് പന്തിലും ബൗണ്ടറി നേടിയാണ് സഞ്ജു കരുത്തുകാട്ടിയത്. ആദ്യ ഓവറിൽ ഒരു പന്തിൽ മാത്രം റണ്ണെടുത്ത സഞ്ജു, അടുത്ത ഓവറിൽ ബൗണ്ടറിയടിക്കാതെ വിട്ടത് ഒറ്റപ്പന്തു മാത്രം!
താരതമ്യേന ദുർബലമായ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്കായി സഞ്ജു ഇന്നിങ്സ് ഓപ്പൺ ചെയ്യുമ്പോൾ, രാജസ്ഥാൻ റോയൽസിൽ മുൻപ് സഹതാരമായിരുന്ന ജോഫ്ര ആർച്ചറാണ് ഇംഗ്ലണ്ടിന്റെ ബോളിങ് ആക്രമണത്തിന് തുടക്കമിട്ടത്. ആർച്ചറിനെതിരെ ശ്രദ്ധാപൂർവം ബാറ്റേന്തിയ സഞ്ജുവിന്, ആദ്യ അഞ്ച് പന്തിലും റണ്ണെടുക്കാനായില്ല. ആദ്യ ഓവർ മെയ്ഡനാകുമോ എന്ന് കമന്ററി ബോക്സിൽനിന്ന് ചോദ്യമുയർന്നതിനു പിന്നാലെ, അവസാന പന്തിൽ സഞ്ജുവിന്റെ വക സിംഗിൾ. ഇതോടെ ഇന്ത്യ ഒരു ഓവറിൽ ഒരു റൺ എന്ന നിലയിൽ.
ഇംഗ്ലണ്ടിനായി രണ്ടാം ഓവർ എറിയാനെത്തിയത് ഗസ് അറ്റ്കിൻസൻ. ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയാണ് സഞ്ജു അറ്റ്കിൻസനെ സ്വാഗതം ചെയ്തത്. ഷോർട്ട് ബോൾ പരീക്ഷണവുമായി എത്തിയ അറ്റ്കിൻസനെ, പുൾ ഷോട്ടിലൂടെ സഞ്ജു ബൗണ്ടറി കടത്തി. രണ്ടാം പന്തിൽ സഞ്ജുവിന്റെ കൂടുതൽ സുന്ദരമായ ഷോട്ട്. എക്സ്ട്രാ കവറിലൂടെ പന്ത് മൂളിപ്പറന്ന് ബൗണ്ടറി കടന്നു.
അടുത്ത പന്തിൽ സഞ്ജു വീണ്ടും ബൗണ്ടറിക്കു ശ്രമിച്ചെങ്കിലും പന്ത് കണക്ട് ചെയ്യാനായില്ല. നാലാം പന്ത് നിലംതൊടാതെ ഗാലറിയിലെത്തിച്ചാണ് സഞ്ജു ഇതിനു പരിഹാരം ചെയ്തത്. ഇത്തവണ ഒരു സ്റ്റെപ് മുന്നിലേക്കു കയറി സഞ്ജു തൊടുത്ത ഷോട്ട് കവറിനു മുകളിലൂടെ ഗാലറിയിൽ ലാൻഡ് ചെയ്തു. പിന്നാലെ അമിത ശ്രദ്ധ കാട്ടി ഫുൾലെങ്തിൽ എറിഞ്ഞ അഞ്ചാം പന്തും കൈക്കുഴയുടെ അപാരവഴക്കത്തോടെ സഞ്ജു ബൗണ്ടറി കടത്തി. അവസാന പന്തും നിലംപറ്റെ മൂളിപ്പറന്ന് ബൗണ്ടറി തൊട്ടതോടെ രണ്ടാം ഓവറിൽ സഞ്ജു ആകെ അടിച്ചുകൂട്ടിയത് 22 റൺസ്!
പിന്നീട് മാർക്ക് വുഡിന്റെ ഒരു ഓവർ കൂടി നേരിട്ട സഞ്ജു, ജോഫ്ര ആർച്ചറിന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തിൽ ഗസ് അറ്റ്കിൻസനു ക്യാച്ച് സമ്മാനിച്ച് പുറത്താവുകയും ചെയ്തു. 20 പന്തിൽ ഒരു സിക്സും നാലു ഫോറും സഹിതം 26 റൺസെടുത്ത് ഇന്ത്യയ്ക്ക് മോശമല്ലാത്ത തുടക്കം സമ്മാനിച്ചാണ് സഞ്ജുവിന്റെ മടക്കം.