ADVERTISEMENT

കൊൽക്കത്ത∙ ക്യാപ്റ്റൻ ജോസ് ബട്‍ലറിന്റെ നേതൃത്വത്തിൽ ഇംഗ്ലണ്ട് 20 ഓവറും ക്രീസിൽനിന്ന് പൊരുതി നേടിയ റൺസും ഇന്ത്യയ്‌ക്കു മുന്നിൽ ഉയർത്തിയ വിജയലക്ഷ്യവും, അഭിഷേക് ശർമയുടെ ഒറ്റയാൾ പോരാട്ടത്തിനു മുന്നിൽ നിർവീര്യമായി. ബോളർമാരുടെ തകർപ്പൻ പ്രകടനത്തിനൊപ്പം തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ അഭിഷേക് ശർമ കൂടി ചേർന്നതോടെ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് അനായാസ വിജയം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 132 റൺസിന് എല്ലാവരും  പുറത്തായി. മറുപടി ബാറ്റിങ്ങിൽ 43 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ അനായാസം വിജയത്തിലെത്തി. ഇതോടെ അഞ്ച് മത്സരങ്ങടങ്ങിയ പരമ്പരയിൽ ഇന്ത്യ 1–0ന് ലീഡും നേടി.

ടീമിലെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയ ഘട്ടത്തിൽ തകർപ്പൻ സ്ട്രോക്ക് പ്ലേയുമായി ഇംഗ്ലിഷ് ബോളർമാരെ നിരായുധരാക്കിയ അഭിഷേക് ശർമ, 34 പന്തിൽ 79 റൺസെടുത്താണ് ഇന്ത്യയുടെ റൺ ചേസിങ് അനായാസമാക്കിയത്. അഞ്ച് ഫോറും എട്ടു പടുകൂറ്റൻ സിക്സറും ഉൾപ്പെടുന്നതാണ് അഭിഷേകിന്റെ ഇന്നിങ്സ്. ഗസ് അറ്റ്കിൻസന്റെ ഒരു ഓവറിൽ നാലു ഫോറും ഒരു സിക്സും സഹിതം 22 റൺസ് അടിച്ചുകൂട്ടിയ സഞ്ജു സാംസൺ, 26 റൺസെടുത്ത് പുറത്തായി. 20 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതമാണ് സഞ്ജു 26 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 26 പന്തിൽ 41 റൺസ് കൂട്ടിച്ചേർത്തു.

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (മൂന്നു പന്തിൽ പൂജ്യം) നിരാശപ്പെടുത്തിയെങ്കിലും, തിലക് വർമയും (16 പന്തിൽ മൂന്നു  ഫോറുകൾ സഹിതം പുറത്താകാതെ 19), ഹാർദിക് പാണ്ഡ്യയും (നാലു പന്തിൽ പുറത്താകാതെ മൂന്ന്) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ആദിൽ റഷീദ് രണ്ട് ഓവറിൽ 27 റൺസ് വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി.

∙ ബട്‍ലറിന്റെ ഒറ്റയാൾ പോരാട്ടം!

നേരത്തെ, കൂടെയുള്ളവർ കൂട്ടത്തോടെ നിരാശപ്പെടുത്തിയെങ്കിലും ഇംഗ്ലിഷ് നായകൻ ജോസ് ബട്‍ലറിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ബാറ്റെടുത്ത 11 ഇംഗ്ലിഷ് താരങ്ങളിൽ ഒൻപതു പേരും രണ്ടക്കത്തിലെത്താൻ പോലും പാടുപെട്ട മത്സരത്തിൽ, അർധസെഞ്ചറിയുമായി പടനയിച്ച ജോസ് ബട്‌ലറിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ ഇംഗ്ലണ്ട് 132 റൺസെടുത്തു. 44 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 68 റൺസെടുത്ത ബട്‌ലർ ഇംഗ്ലിഷ് ടീമിന്റെ ടോപ് സ്കോററായി.

ബട്‍ലറിനു പുറമേ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കത്തിലെത്തിയത് രണ്ടു പേർ മാത്രമാണ്. 14 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 17 റൺസെടുത്ത ഹാരി ബ്രൂക്കും അവസാന ഓവറുകളിൽ കണ്ണുംപൂട്ടി അടിച്ച് 10 പന്തിൽ ഒരു ഫോർ സഹിതം 12 റൺസെടുത്ത ജോഫ്ര ആർച്ചറും. മറ്റുള്ളവരെല്ലാം ഒറ്റയക്കത്തിലൊതുങ്ങിയ റൺസ് കൊണ്ട് തൃപ്തരായി. ആദിൽ റഷീദ് 11 പന്തിൽ ഒരു ഫോർ സഹിതം എട്ടു റൺസുമായി പുറത്താകാതെ നിന്നു.

നാല് ഓവറിൽ 23 റൺസ് വഴങ്ങി ജോസ് ബട്‍ലറിന്റേത് ഉൾപ്പെടെ 3 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. മത്സരത്തിൽ രണ്ടു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്, രാജ്യാന്തര ട്വന്റി20യിൽ 97 വിക്കറ്റുകളുമായി ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായി. 80 കളികളിൽനിന്ന് 96 വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹലിനെയാണ് അർഷ്ദീപ് മറികടന്നത്. ഹാർദിക് പാണ്ഡ്യ (110 കളികളിൽനിന്ന് 91 വിക്കറ്റ്), ഭുവനേശ്വർ കുമാർ (87 കളികളിൽ 90 വിക്കറ്റ്), ജസ്പ്രീത് ബുമ്ര (70 കളികളിൽനിന്ന് 89 വിക്കറ്റ്), എന്നിവരാണ് പിന്നിലുള്ളത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇംഗ്ലണ്ടിന് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ഫിൽ സാൾട്ടിന്റെ വിക്കറ്റ് നഷ്ടമാകുന്ന കാഴ്ചയോടെയാണ് കളമുണർന്നത്. മൂന്നു പന്തു മാത്രം നേരിട്ട സാൾട്ടിനെ അർഷ്ദീപ് സിങ് വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ കൈകളിലെത്തിച്ചു. ഫോറടിച്ച വരവറിയിച്ച സഹ ഓപ്പണർ ബെൻ ഡക്കറ്റിനെ തന്റെ അടുത്ത ഓവറിൽ അർഷ്ദീപ് തന്നെ പുറത്താക്കിയതോടെ ഇംഗലണ്ട് രണ്ടിന് 17 റൺസ് എന്ന നിലയിലായി.

പിന്നീട് ക്രീസിൽ ഒരുമിച്ച ബട്‍ലർ – ഹാരി ബ്രൂക്ക് സഖ്യമാണ് ഇംഗ്ലണ്ടിനെ കൂട്ടത്തകർച്ചയിൽനിന്ന് രക്ഷപ്പെടുത്തിയത്. 28 പന്തുകൾ ക്രീസിൽനിന്ന ബട്‍ലർ – ബ്രൂക്ക് സഖ്യം സ്കോർ ബോർഡിൽ എത്തിച്ചത് 48 റൺസ്. പിന്നീട് ഒരു ഘട്ടത്തിലും ഇംഗ്ലണ്ടിന് ഇന്ത്യൻ ബോളർമാരുടെ മേൽ മേധാവിത്തം പുലർത്താനായില്ല.

ലിയാം ലിവിങ്സ്റ്റൺ (രണ്ടു പന്തിൽ 0), ജേക്കബ് ബെത്തൽ (14പന്തിൽ ഏഴ്), ജാമി ഓവർട്ടൻ (നാലു പന്തിൽ രണ്ട്), ഗസ് അറ്റ്കിൻസൻ (13 പന്തിൽ 2), മാർക്ക് വുഡ് (ഒരു പന്തിൽ ഒരു റൺ) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇന്ത്യൻ ബോളർമാരിൽ വരുൺ ചക്രവർത്തിക്കു പുറമേ, നാല് ഓവറിൽ 17 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അർഷ്ദീപ് സിങ്, നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത അക്ഷർ പട്ടേൽ, നാല് ഓവറിൽ 42 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഹാർദിക് പാണ്ഡ്യ എന്നിവരും തിളങ്ങി

∙ 3 സ്പിന്നർമാരുമായി ഇന്ത്യ

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ളവർ ഇടംപിടിച്ചു. ഇംഗ്ലണ്ട് നിരയിൽ ജോഫ്ര ആർച്ചർ, യുവതാരം ജേക്കബ് ബെത്തൽ തുടങ്ങിയവരുമുണ്ട്. ആകെ അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. നീണ്ട ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയ മുഹമ്മദ് ഷമി ഇന്നു കളിക്കുന്നില്ല. ഫിറ്റ്നസിന്റെ കാര്യത്തിൽ സംശയങ്ങളുള്ള സാഹചര്യത്തിലാണിത്. അർഷ്ദീപ് സിങ്ങിനെ ഏക സ്പെഷലിസ്റ്റ് പേസ് ബോളറാക്കി മൂന്നു സ്പിന്നർമാരുമായാണ് ഇന്ത്യ കളത്തിലിറങ്ങിയത്.

ഇന്ത്യൻ ടീം: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി

ഇംഗ്ലണ്ട് ടീം: ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട് (വിക്കറ്റ് കീപ്പർ), ജോസ് ബട്‍ലർ (ക്യാപ്റ്റൻ), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൺ, ജേക്കബ് ബെത്തൽ, ജാമി ഓവർട്ടൻ, ഗസ് അറ്റ്കിൻസൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക്ക് വുഡ്

English Summary:

India vs England, 1st T20I - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com