ചാംപ്യൻസ് ട്രോഫിയിൽ തഴഞ്ഞു, കെസിഎ വിവാദം; എല്ലാറ്റിലും നിശബ്ദത പാലിച്ച് സഞ്ജു, ഇന്ന് ബാറ്റുകൊണ്ട് ‘മനസു തുറക്കട്ടെ’!

Mail This Article
കൊൽക്കത്ത ∙ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ നിന്നു തഴയപ്പെട്ടതും കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്നങ്ങളും ഉൾപ്പെടെ അടുത്തിടെയുണ്ടായ വിവാദങ്ങളിലെല്ലാം മൗനം പാലിച്ചു നിൽക്കുകയാണ് സഞ്ജു സാംസൺ. ഇന്ത്യ–ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയ്ക്ക് ഇന്നു തുടക്കമാകുമ്പോൾ സഞ്ജു ബാറ്റു കൊണ്ട് തന്റെ ‘മനസ്സു തുറക്കുമെന്നാണ്’ ആരാധകരുടെ പ്രതീക്ഷ. ദക്ഷിണാഫ്രിക്കൻ ട്വന്റി20 പരമ്പരയിലെ 2 സെഞ്ചറി നേട്ടം ഉൾപ്പെടെയുള്ള മികച്ച പ്രകടനം ഇംഗ്ലണ്ടിനെതിരെയും സഞ്ജു തുടർന്നാൽ അതൊരു ശക്തമായ ‘മറുപടി’ കൂടിയാകും.
ഈഡൻ ഗാർഡൻസിൽ രാത്രി 7നാണ് മത്സരത്തിനു തുടക്കം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തത്സമയം. 5 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
∙ ഗംഭീരമാക്കാൻ ഇന്ത്യ
ഓസ്ട്രേലിയൻ പര്യടനത്തിനു പിന്നാലെ തന്റെ സ്ഥാനം തന്നെ ആശങ്കയിലായ ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന് ഇംഗ്ലണ്ട് പരമ്പര എന്തു വിലകൊടുത്തും ജയിച്ചേ മതിയാകൂ. ടെസ്റ്റിലും ഏകദിനങ്ങളിലും തോറ്റെങ്കിലും ട്വന്റി20യിൽ ഗംഭീറിനു കീഴിൽ ഇന്ത്യ ഇതുവരെ പരാജയമറിഞ്ഞിട്ടില്ല. 6 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ ആറിലും ജയിച്ചു. ഈ വിജയവാഴ്ച തുടരുകയെന്ന ലക്ഷ്യമാണ് ഗംഭീറിനു മുന്നിലുള്ളത്. ചാംപ്യൻസ് ട്രോഫി പടിവാതിലിൽ നിൽക്കെ, പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയുമായാണ് ഇന്ത്യ എത്തുന്നത്. അപ്പോഴും, എതിരാളികൾ കരുത്തരായ ഇംഗ്ലണ്ട് ആയതിനാൽ ടീമിൽ കാര്യമായി പരീക്ഷണത്തിനു മുതിരാൻ ഗംഭീർ തയാറാകില്ല.
ദക്ഷിണാഫ്രിക്കയിൽ പരീക്ഷിച്ച അഭിഷേക് ശർമ– സഞ്ജു സാംസൺ ഓപ്പണിങ് ജോടി തന്നെ ഇംഗ്ലണ്ടിനെതിരെയും തുടർന്നേക്കും. മിന്നും ഫോമിലുള്ള തിലക് വർമ മൂന്നാം നമ്പറിൽ എത്തും. ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി എന്നിവർക്കാകും മധ്യനിരയുടെ ചുമതല. അർഷ്ദീപ് സിങ്ങും മുഹമ്മദ് ഷമിയും പേസ് നിര കൈകാര്യം ചെയ്യുമ്പോൾ വരുൺ ചക്രവർത്തി, വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ എന്നിവർക്കാകും സ്പിൻ നിരയുടെ ചുമതല. ഷമിയുടെ ഫിറ്റ്നസിൽ സംശയമുണ്ടെങ്കിൽ ഹർഷിത് റാണ ആദ്യ ഇലവനിൽ എത്തും.
∙ ഇംഗ്ലണ്ടിന് ന്യൂ സ്റ്റാർട്ട്
ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ ബാസ്ബോൾ കളിക്കാൻ പഠിപ്പിച്ച ബ്രണ്ടൻ മക്കല്ലത്തിനു കീഴിൽ ആദ്യമായി ട്വന്റി20 കളിക്കാൻ ഇറങ്ങുന്ന ടീമിനെ കൗതുകത്തോടെയാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ക്യാപ്റ്റൻ ജോസ് ബട്‌ലർ, ഹാരി ബ്രൂക്ക്, ഫിൽ സോൾട്ട്, ലിയാം ലിവിങ്സ്റ്റൻ തുടങ്ങി ശക്തമായ ബാറ്റിങ് നിരയാണ് ഇംഗ്ലണ്ടിന്റേത്.
യുവതാരം ജേക്കബ് ബെത്തലാകും ഇംഗ്ലണ്ടിന്റെ സർപ്രൈസ് സ്റ്റാർ. ട്വന്റി20യിൽ 50നു മുകളിൽ ബാറ്റിങ് ശരാശരിയും 160നു മുകളിൽ സ്ട്രൈക്ക് റേറ്റുമുള്ള താരമാണ് ഇരുപത്തിയൊന്നുകാരൻ ബെത്തൽ. ബോളിങ്ങിൽ ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവരുടെ പേസ് അറ്റാക്ക് ഇന്ത്യയ്ക്ക് വെല്ലുവിളിയാകും.
∙ പിച്ച് റിപ്പോർട്ട്
ബാറ്റിങ്ങിന് അനുകൂലമായ പിച്ചാണ് ഈഡൻ ഗാർഡൻസിലേത്. തുടക്കത്തിൽ പേസ് ബോളർമാർക്ക് മേൽക്കൈ ലഭിച്ചേക്കും. ഇതുവരെ നടന്ന 12 രാജ്യാന്തര ട്വന്റി20 മത്സരങ്ങളിൽ ഏഴും ജയിച്ചത് ആദ്യം ബോൾ ചെയ്ത ടീമാണ്. ശരാശരി ഒന്നാം ഇന്നിങ്സ് ടോട്ടൽ 155.