‘രോഹിത് പാക്കിസ്ഥാനിലേക്ക് പോകേണ്ട’: അനുമതി നിഷേധിച്ചതായി റിപ്പോർട്ട്, വീണ്ടും ബിസിസിഐ – പിസിബി പോര്

Mail This Article
മുംബൈ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായി പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയ്‌ക്ക് യാത്രാനുമതി നിഷേധിച്ചതായി റിപ്പോർട്ട്. ടൂർണമെന്റിനു മുന്നോടിയായി പതിവുള്ള ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനത്തിനും ഫോട്ടോഷൂട്ടിനുമായാണ് രോഹിത് പാക്കിസ്ഥാൻ സന്ദർശിക്കാനിരുന്നത്. എന്നാൽ, ഇന്ത്യൻ നായകൻ പാക്കിസ്ഥാനിലേക്ക് പോകേണ്ടതില്ലെന്ന് ബിസിസിഐ നിർദ്ദേശം നൽകിയതായാണ് വിവരം. ചാംപ്യൻസ് ട്രോഫി ജഴ്സിയിൽ ആതിഥേയ രാജ്യമായ പാക്കിസ്ഥാന്റെ പേരു വയ്ക്കാൻ വിസമ്മതിച്ചതിനു പിന്നാലെയാണ്, ക്യാപ്റ്റനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാകില്ലെന്ന് ബിസിസിഐ അറിയിച്ചിരിക്കുന്നത്.
ഇതോടെ, ബിസിസിഐയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് കടന്നു. ടൂർണമെന്റിനായി ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കാനാകില്ലെന്ന് ബിസിസിഐ നിലപാട് കൈക്കൊണ്ടതു മുതൽ ഇരു ബോർഡുകളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങളുണ്ട്. ഇതിനു പിന്നാലെയാണ് ജഴ്സി വിവാദവും ഇപ്പോൾ ക്യാപ്റ്റന്റെ പേരിലുള്ള വിവാദവും ഉയർന്നിരിക്കുന്നത്.
ടൂർണമെന്റിനു മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ വാർത്താ സമ്മേളനവും ഫോട്ടോഷൂട്ടും ദുബായിലേക്കു മാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യയുടെ ആവശ്യപ്രകാരം ചാംപ്യൻസ് ട്രോഫി മത്സരങ്ങൾ തന്നെ പാക്കിസ്ഥാനു പുറത്തേക്ക് മാറ്റിക്കൊടുത്ത രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി), ഇന്ത്യയുടെ ഈ ആവശ്യവും അനുഭാവപൂർവം പരിഗണിക്കാനാണ് സാധ്യതയെന്നാണ് വിവരം.
അതേസമയം, ബിസിസിഐ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പിസിബി പ്രതിനിധി രംഗത്തെത്തി.
‘‘ബിസിസിഐ അനാവശ്യമായി ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുകയാണ്. ഈ രീതി ക്രിക്കറ്റിന് ഒരു തരത്തിലും ഗുണകരമാകില്ലെന്ന് തീർച്ച. അവർ ടൂർണമെന്റിനായി പാക്കിസ്ഥാനിലേക്ക് വരാൻ വിസമ്മതിച്ചു. ഇപ്പോൾ പതിവു പരിപാടികൾക്കായി ക്യാപ്റ്റനെയും പാക്കിസ്ഥാനിലേക്ക് അയയ്ക്കുന്നില്ല. ആതിഥേയ രാജ്യത്തിന്റെ പേര് ജഴ്സിയിൽ ധരിക്കാനും അവർ വിസമ്മതിക്കുന്നുവെന്നാണ് ഇപ്പോൾ അറിയുന്നത്. ഇക്കാര്യത്തിൽ ഐസിസി പാക്കിസ്ഥാനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’ – പിസിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.