നന്നായി കളിച്ചിട്ടും സഞ്ജു ടീമിനു പുറത്ത്, ഈ അവസ്ഥയിൽ സങ്കടമുണ്ട്: പിന്തുണച്ച് ഹർഭജൻ സിങ്

Mail This Article
മുംബൈ∙ മികച്ച ഫോമിൽ കളിക്കുന്ന സഞ്ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിൽനിന്ന് ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. സഞ്ജു പുറത്തിരിക്കുന്നതു കാണുമ്പോൾ സങ്കടമുണ്ടെന്നു ഹർഭജൻ ഒരു സ്പോർട്സ് മാധ്യമത്തോടു വ്യക്തമാക്കി. ഇന്ത്യൻ ടീമിൽ സഞ്ജുവിനായി ഒരു ഇടം വേണ്ടതായിരുന്നെന്നും ഹർഭജൻ സിങ് പറഞ്ഞു. കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പർമാർ.
‘‘അദ്ദേഹത്തിന്റെ അവസ്ഥയിൽ എനിക്കു സങ്കടമുണ്ട്. നന്നായി റൺസ് കണ്ടെത്തിയിട്ടും സഞ്ജു ടീമിനു പുറത്താണ്. 15 പേരെ മാത്രമാണു സിലക്ട് ചെയ്യാൻ സാധിക്കുകയെന്ന് എനിക്ക് അറിയാം. പക്ഷേ സഞ്ജുവിന്റെ ബാറ്റിങ് ഏകദിന ക്രിക്കറ്റിനു ചേർന്നതാണ്. 55–56 ആണ് സഞ്ജുവിന്റെ ശരാശരി. പക്ഷേ രണ്ടാം വിക്കറ്റ് കീപ്പറായി പോലും അദ്ദേഹം ടീമിൽ എത്തിയില്ല. സഞ്ജുവിനെ എടുക്കുന്ന കാര്യം പറയുമ്പോൾ ആർക്കു പകരം എന്ന് ആളുകൾ ചോദിക്കും. അദ്ദേഹത്തിനായി ഒരു ഇടം നൽകാമായിരുന്നു.’’– ഹർഭജൻ സിങ് പ്രതികരിച്ചു.
സ്പിന്നർ യുസ്‍വേന്ദ്ര ചെഹലിനെ ഏറെക്കാലമായി ഇന്ത്യൻ ടീമില്‍നിന്നു മാറ്റി നിർത്തുന്നതിനേയും ഹർഭജൻ വിമർശിച്ചു. ‘‘സഞ്ജു മാത്രമല്ല, യുസ്‍വേന്ദ്ര ചെഹലിനെയും ടീമിൽ എടുക്കാൻ തയാറായിട്ടില്ല. നാലു സ്പിന്നർമാരാണ് ടീമിലുള്ളത്. അതിൽ രണ്ടുപേർ ഇടംകൈ ബോളർമാരാണ്. വ്യത്യസ്തതയ്ക്കുവേണ്ടി ഒരു ലെഗ് സ്പിന്നറെക്കൂടി ടീമില്‍ എടുക്കാമായിരുന്നു. ടീമിൽ ഉൾപ്പെടാതിരിക്കാൻ മാത്രം എന്തു തെറ്റാണ് ചെഹൽ ചെയ്തതെന്ന് എനിക്കു മനസ്സിലാകുന്നില്ല.’’
‘‘യശസ്വി ജയ്സ്വാൾ ചാംപ്യന്‍സ് ട്രോഫിയിൽ ഇന്ത്യയുടെ ഓപ്പണറാകുമെന്നാണു ഞാൻ കരുതിയത്. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നുന്നില്ല. ശുഭ്മൻ ഗില്ലാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. അതുകൊണ്ടു തന്നെ അദ്ദേഹം ഉറപ്പായും കളിക്കും. രോഹിത് ശർമയും ഗില്ലുമായിരിക്കും ഓപ്പണർമാർ. കോലിയും ശ്രേയസ് അയ്യരും ഉള്ളതിനാൽ മൂന്ന്, നാല് സ്ഥാനങ്ങളും ജയ്സ്വാളിന് കിട്ടില്ല. പിന്നെ അദ്ദേഹത്തെ എവിടെ കളിപ്പിക്കും?.’’– ഹർഭജൻ സിങ് വ്യക്തമാക്കി.