രോഹിത് മടങ്ങിയെത്തിയ മത്സരത്തിൽ മുംബൈയ്ക്ക് തിരിച്ചടി, ജമ്മു കശ്മീരിന് അഞ്ച് വിക്കറ്റ് വിജയം

Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ പത്തു വർഷങ്ങൾക്കു ശേഷം രഞ്ജി ട്രോഫിയിലേക്കു തിരിച്ചെത്തിയ മത്സരത്തിൽ മുംബൈയ്ക്കു വൻ തോൽവി. നിലവിലെ ചാംപ്യൻമാരായ മുംബൈയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയമാണ് ജമ്മു കശ്മീർ നേടിയത്. 205 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കശ്മീർ മൂന്നാം ദിവസം 49 ഓവറുകളിൽ വിജയ റൺസ് കുറിക്കുകയായിരുന്നു. സ്കോർ മുംബൈ– ആദ്യ ഇന്നിങ്സ് 120/10, രണ്ടാം ഇന്നിങ്സ് 290/10. ജമ്മു കശ്മീർ– ആദ്യ ഇന്നിങ്സ് 206/10, രണ്ടാം ഇന്നിങ്സ് 207/5.
രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 112 റൺസിൽനിന്ന് അഞ്ചിന് 159 എന്ന നിലയിലേക്കു കശ്മീർ വീണിരുന്നു. പക്ഷേ ആബിദ് മുഷ്താഖും കനയ്യ വധാവനും ചേർന്ന് കശ്മീരിനായി വിജയ റൺസ് കുറിക്കുകയായിരുന്നു. മുംബൈയ്ക്കായി ഷംസ് മുലാനി നാലു വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും കശ്മീരിന്റെ കുതിപ്പിനു തടയിടാനായില്ല.
89 പന്തിൽ 45 റൺസെടുത്ത ഓപ്പണർ ശുഭം കജൂരിയയാണ് മുംബൈയുടെ ടോപ് സ്കോറർ. വിവ്രാന്ത് ശർമ (69 പന്തിൽ 38), ആബിദ് മുഷ്താഖ് (32 പന്തിൽ 32) എന്നിവരും തിളങ്ങി. തനുഷ് കോട്യന്റെ പന്ത് സിക്സർ പറത്തിയാണ് ആബിദ് കശ്മീരിനായി വിജയ റൺസ് കുറിച്ചത്.
74 ഓവറുകള്‍ ബാറ്റു ചെയ്ത മുംബൈ 290 റൺസാണ് രണ്ടാം ഇന്നിങ്സിൽ നേടിയത്. രണ്ടാം ഇന്നിങ്സിൽ യശസ്വി ജയ്സ്വാളും (51 പന്തിൽ 26), രോഹിത് ശർമയും (35 പന്തിൽ 28) ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും 101 റൺസെടുക്കുന്നതിനിടെ മുംബൈയ്ക്ക് ഏഴു വിക്കറ്റുകൾ നഷ്ടമായിരുന്നു. എന്നാൽ ഷാർദൂൽ ഠാക്കൂറിന്റെ സെഞ്ചറി മുംബൈയ്ക്കു രക്ഷയായി. രണ്ടാം ഇന്നിങ്സിൽ 135 പന്തുകൾ നേരിട്ട ഷാര്‍ദൂൽ ഠാക്കൂർ 119 റൺസെടുത്താണു പുറത്തായത്.
136 പന്തുകൾ നേരിട്ട തനുഷ് കോട്യൻ 62 റൺസും നേടി. ആദ്യ ഇന്നിങ്സിൽ മുംബൈ 120 റൺസെടുത്തു പുറത്തായപ്പോൾ, ജമ്മു കശ്മീരിന്റെ മറുപടി 46.3 ഓവറിൽ 206 റൺസിൽ അവസാനിച്ചിരുന്നു.