സഞ്ജുവിന് എന്താണ് സംഭവിക്കുന്നത്? പന്തിന്റെ വേഗം 140ന് മുകളിലെങ്കിൽ റൺസ് നേടാനാകുന്നില്ല, വിക്കറ്റും കളയുന്നുവെന്ന് ചോപ്ര

Mail This Article
മുംബൈ∙ അതിവേഗ ബോളർമാരുടെ പേസും ബൗൺസുമുള്ള പന്തുകളിൽ സഞ്ജു സാംസണിന് കാര്യമായ തോതിൽ റൺസ് കണ്ടെത്താനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്ത്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ രണ്ടു മത്സരങ്ങളിലും ജോഫ്ര ആർച്ചറിനെതിരെ സമാനമായ രീതിയിൽ സഞ്ജു പുറത്തായതു ചൂണ്ടിക്കാട്ടിയാണ് ചോപ്രയുടെ പരാമർശം. ഒന്നാം ട്വന്റി20യിൽ ഗസ് അറ്റ്കിൻസനെതിരെ ഒരു ഓവറിൽ 22 റൺസ് നേടിയ പ്രകടനം മാറ്റിനിർത്തിയാൽ, പേസും ബൗൺസുമുള്ള പന്തുകളിൽ റൺസ് കണ്ടെത്താൻ സഞ്ജുവിന് സാധിക്കുന്നില്ലെന്ന് ചോപ്ര അഭിപ്രായപ്പെട്ടു. മാത്രമല്ല, ഇവരുടെ പന്തുകളിൽ സഞ്ജു വിക്കറ്റും നഷ്ടമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘അഭിഷേക് ശർമ അധികം റൺസെടുക്കാതെ പുറത്തായി. പക്ഷേ, അദ്ദേഹം കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് തൽക്കാലം അധികം പറയുന്നില്ല. പക്ഷേ, 140 കിലോമീറ്ററിനു മുകളിൽ വേഗതയിലെത്തുന്ന പന്തുകൾ സഞ്ജു സാംസൺ എപ്രകാരമാണ് നേരിടുന്നതെന്ന് വ്യക്തമാക്കുന്ന കണക്ക് ലഭ്യമാണ്. അദ്ദേഹത്തിന്റെ പ്രകടനം തീർത്തും ശരാശരിയിൽ ഒതുങ്ങുന്നുവെന്നാണ് ആ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരം പന്തുകളിൽ സഞ്ജുവിന് റണ്ണെടുക്കാനാകുന്നില്ലെന്ന് മാത്രമല്ല, വിക്കറ്റ് നഷ്ടമാക്കുകയും ചെയ്യുന്നു’ – ആകാശ് ചോപ്ര ച ൂണ്ടിക്കാട്ടി.
‘‘അതിവേഗ ബോളർമാർക്കെതിരെ അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റും തീരെ മോശമാണ്. ഇത്തരം ബോളുകൾ നേരിടുമ്പോൾ അദ്ദേഹം ക്രീസിലേക്ക് വളരെയധികം ഇറങ്ങിയാണ് നിൽക്കുന്നത്. സ്ക്വയർ ലെഗിന്റെ ഭാഗത്തേക്ക് തിരിയുകയും ചെയ്യുന്നു. ഇതു മനസ്സിലാക്കി ഇംഗ്ലണ്ടിന്റെ അതിവേഗ ബോളർമാർ ബൗൺസറുകളും ഷോർട്ട് പിച്ച് പന്തുകളും യഥേഷ്ടം പരീക്ഷിക്കുന്നതിനൊപ്പം ഡീപ് സ്ക്വയർ ലെഗ്ഗിൽ ഫീൽഡറെ നിർത്തി കെണിയും ഒരുക്കുന്നു. രണ്ടു മത്സരങ്ങളിലും ഡീപ്പിൽ ക്യാച്ച് സമ്മാനിച്ചാണ് സഞ്ജു പുറത്തായതും. ഈ ഘട്ടത്തിൽ ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്’ – ചോപ്ര പറഞ്ഞു.
‘‘ഈ പരമ്പയ്ക്കു മുന്നോടിയായി അഞ്ച് മത്സരങ്ങളിൽനിന്ന് മൂന്നു സെഞ്ചറി നേടിയ താരമാണ് സഞ്ജു. സെഞ്ചറികളും അതിനിടയിൽ ഡക്കുകളുമൊക്കെ സംഭവിക്കുന്നുണ്ട്. പക്ഷേ, ഗസ് അറ്റ്കിൻസനെതിരെ 22 റൺസ് നേടിയ ആ ഒരു ഓവർ മാറ്റിനിർത്തിയാൽ പേസ് ബോളർമാർക്കെതിരെ സഞ്ജുവിന് കാര്യമായി റൺസ് കണ്ടെത്താനായിട്ടില്ല. പേസും ബൗൺസുമുള്ള പന്തുകൾ സഞ്ജുവിന് കാര്യമായ വെല്ലുവിളി സൃഷ്ടിക്കുന്നുമുണ്ട്’ – ചോപ്ര പറഞ്ഞു.