‘വന്നാലുടൻ ഒന്നുരണ്ട് നല്ല ഷോട്ട് കളിക്കും, കണ്ണടച്ചു തുറക്കുമ്പോഴേയ്ക്കും തിരിച്ചെത്തും; ഫോം വീണ്ടെടുക്കാൻ കുറച്ചുനേരം ക്രീസിൽ നിൽക്കൂ’

Mail This Article
മുംബൈ∙ ട്വന്റി20 ഫോർമാറ്റിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അൽപം കൂടി ‘സെൻസിബി’ളായി കളിക്കേണ്ട സമയം അതിക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കൽ വോൺ രംഗത്ത്. ആക്രമണോത്സുകതയോടെ കളിക്കുന്നു എന്നതിന് നേരിടുന്ന എല്ലാ പന്തും ബൗണ്ടറിയടിക്കുക എന്ന് അർഥമില്ലെന്ന് മൈക്കൽ വോണ്‍ അഭിപ്രായപ്പെട്ടു. ചില ഘട്ടങ്ങളിൽ സമചിത്തതയോടെ സാഹചര്യത്തിന് അനുസരിച്ച് കളിക്കേണ്ടി വരും. ആക്രമിക്കുക എന്നതിന് അർഥം അതിന് പാകത്തിലുള്ള പന്തുകളെ ആക്രമിക്കുക എന്നാണെന്നും മൈക്കൽ വോൺ സൂര്യകുമാറിനെ ഓർമിപ്പിച്ചു.
‘‘ക്രീസിൽ സമയം ചെലവഴിച്ചാൽ മാത്രമേ ഫോം നഷ്ടമായ ഒരു താരത്തിന് ഫോം വീണ്ടെടുക്കാനാകൂ. സൂര്യകുമാർ യാദവിന്റെ കാര്യം നോക്കൂ. ക്രീസിലെത്തുന്ന ഉടനെ സൂര്യ ഒന്നു രണ്ടു മികച്ച ഷോട്ടുകൾ കളിക്കും. പിന്നെ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ തിരികെ പവലിയനിലെത്തും. അതും കാര്യമായ സംഭാവനകളൊന്നും നൽകാതെ’’ – മൈക്കൽ വോൺ പറഞ്ഞു.
‘‘ഒരു ബാറ്റർ ആക്രമണോത്സുകതയോടെയാണ് കളിക്കുന്നത് എന്നു പറയുമ്പോൾ, നേരിടുന്ന എല്ലാ ബോളും ആക്രമിക്കുന്നു എന്ന് അതിന് അർഥമില്ല. ആക്രമിക്കാൻ പാകത്തിലുള്ള പന്തുകൾ ആക്രമിക്കുക എന്നതാണ് പ്രധാനം. നേരിടുന്ന എല്ലാ പന്തിലും ബൗണ്ടറി നേടാനാകുമോ? നിലവിലെ ലോക ചാംപ്യൻമാരായ ഇന്ത്യയ്ക്ക് അതേ മികവോടെ മുന്നോട്ടു പോകണമെങ്കിൽ, പ്രധാനപ്പെട്ട താരങ്ങളെല്ലാം ഫോം നിലനിർത്തേണ്ടതുണ്ട്.’– വോൺ ചൂണ്ടിക്കാട്ടി.
രാജ്കോട്ടിൽ ഇന്ത്യ ചേസ് ചെയ്തത് അത്ര വലിയ വിജയലക്ഷ്യമായിരുന്നില്ലെന്നും, ഇതു മനസ്സിലാക്കി സാഹചര്യത്തിന് അനുസരിച്ചായിരുന്നു സൂര്യകുമാർ യാദവ് ബാറ്റു ചെയ്യേണ്ടിയിരുന്നതെന്നും വോൺ അഭിപ്രായപ്പെട്ടു.
‘‘ഈ പരമ്പരയിൽ എപ്പോഴെങ്കിലും അൽപം ശ്രദ്ധയോടെ കളിച്ച് ആക്രമണോത്സുകത മാറ്റിവയ്ക്കേണ്ട സാഹചര്യം സൂര്യയ്ക്കു മുന്നിൽ ഉണ്ടായിരുന്നെങ്കിൽ അത് രാജ്കോട്ടിലായിരുന്നു. 210–220 റൺസിന്റെ വിജയലക്ഷ്യമായിരുന്നില്ല ഇന്ത്യൻ ടീമിനു മുന്നിലുണ്ടായിരുന്നത്. താരതമ്യേന ചെറിയ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ഉയർത്തിയത്. അവസരോചിതമായി ബാറ്റു ചെയ്തിരുന്നെങ്കിൽ അനായാസം മറികടക്കാമായിരുന്ന സ്കോർ’ – വോൺ വിലയിരുത്തി.