ഫൈനലും നിസാരം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ വമ്പൻ വിജയം; അണ്ടർ 19 വനിതാ ലോകകപ്പ് ഇന്ത്യയ്ക്ക്

Mail This Article
ക്വാലലംപൂർ∙ അണ്ടർ 19 വനിതാ ലോകകപ്പ് ക്രിക്കറ്റിൽ കിരീടം നിലനിർത്തി ഇന്ത്യ. ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒൻപതു വിക്കറ്റ് വിജയവുമായാണ് ഇന്ത്യയുടെ കിരീടനേട്ടം. ഏകപക്ഷീയമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുയർത്തിയ 83 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.2 ഓവറിൽ ഇന്ത്യയെത്തി.
ടൂർണമെന്റിലുടനീളം അനായാസ വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഫൈനലിൽ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. മറുപടി ബാറ്റിങ്ങിൽ അഞ്ചാം ഓവറിൽ ജി. കമാലിനിയെ (13 പന്തിൽ എട്ട്) നഷ്ടമായെങ്കിലും കൂടുതൽ വിക്കറ്റുകൾ പോകാതെ ഇന്ത്യ വിജയത്തിലെത്തി. 33 പന്തിൽ 44 റൺസെടുത്ത് ഗൊങ്കഡി തൃഷയും 22 പന്തിൽ 26 റൺസെടുത്ത സനിക ചൽക്കെയും നിലയുറപ്പിച്ചതോടെ 52 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയറൺസ് കുറിച്ചു.

ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കൈല റെയ്നകെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ ഈ തീരുമാനം തെറ്റായിപ്പോയെന്ന് തുടക്കത്തിൽ തന്നെ അവർക്കു ബോധ്യമായിക്കാണണം. 18 പന്തിൽ 23 റണ്‍സെടുത്ത മൈക് വാൻ വൂസ്റ്റാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. രണ്ടാം ഓവറിലെ അവസാന പന്തിൽ ദക്ഷിണാഫ്രിക്കൻ ഓപ്പണര്‍ സിമോൺ ലോറന്‍സിനെ പൂജ്യത്തിനു പുറത്താക്കി പരുനിക സിസോദിയയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. 14 പന്തില്‍ 16 റൺസെടുത്ത ജെമ്മ ബോതയെ ഷബ്നം സകിൽ വിക്കറ്റ് കീപ്പർ കമാലിനിയുടെ കൈകളിലെത്തിച്ചു.
പിന്നാലെയെത്തിയ ഡയറ രംകനും (മൂന്ന്), ക്യാപ്റ്റൻ കൈലയും (ഏഴ്) അതിവേഗം മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക സമ്മർദത്തിലായി. പവർപ്ലേ ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് മാത്രമാണു ദക്ഷിണാഫ്രിക്ക അടിച്ചത്. മൈക് വാൻ വൂസ്റ്റും ഫേ കൗലിങ്ങും (20 പന്തിൽ 15) പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം അധികം നീണ്ടില്ല. മൈക്കിനെ തൃഷയും ഫേ കൗലിങ്ങിനെ വൈഷ്ണവി ശർമയും വീഴ്ത്തി. വാലറ്റത്ത് ഷേഷ്‍ലി നായിഡു, ആഷ്‍ലി വാൻവിക്, മൊണാലിസ ലെഗോഡി എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 20 ഓവറിൽ 82 ൽ ഒതുങ്ങി.
ഓൾറൗണ്ടർ ഗൊങ്കഡി തൃഷ നാലോവറിൽ 15 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. പരുനിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും സ്വന്തമാക്കി. രണ്ടോവറുകൾ പന്തെറിഞ്ഞ മലയാളി താരം വി.ജെ. ജോഷിത 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചില്ല.




