ഇത്രയേറെ ആധികാരികമായി ഒരു ലോകകിരീടം ഉയർത്തിയിട്ടില്ല;ഇന്ത്യയുടെ വണ്ടർ 19

Mail This Article
ക്വാലലംപുർ ∙ ഇത്രയേറെ അനായാസ വിജയങ്ങൾ ഒരു ലോകകപ്പിലും ഇന്ത്യ നേടിയിട്ടില്ല, ഇത്രയേറെ ആധികാരികമായി ക്രിക്കറ്റിൽ ഒരു ലോകകിരീടം രാജ്യം ഉയർത്തിയിട്ടുമില്ല! അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ 9 വിക്കറ്റ് ജയവുമായി കുതിപ്പ് തുടങ്ങിയ ഇന്ത്യൻ കൗമാരപ്പട കലാശപോരാട്ടത്തിലും വിയർപ്പൊഴുക്കാതെ വിജയിച്ചു കയറി. ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ സ്പിന്നർമാർ 82 റൺസിൽ എറിഞ്ഞിട്ടപ്പോൾ 52 പന്തുകളും 9 വിക്കറ്റുകളും ബാക്കിനിൽക്കെ ബാറ്റർമാർ ജയമുറപ്പിച്ചു. സ്കോർ: ദക്ഷിണാഫ്രിക്ക– 20 ഓവറിൽ 82 ഓൾഔട്ട്. ഇന്ത്യ–11.2 ഓവറിൽ ഒന്നിന് 84.
അണ്ടർ 19 വനിതാ ലോകകപ്പിലെ കിരീടം നിലനിർത്തിയാണ് കർണാടക സ്വദേശിനി നിക്കി പ്രസാദിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ മലേഷ്യയിൽനിന്നു മടങ്ങുന്നത്. 2023ലെ പ്രഥമ ലോകകപ്പിലും ഇന്ത്യയായിരുന്നു ജേതാക്കൾ. ടൂർണമെന്റിൽ ഓൾറൗണ്ട് പ്രകടനത്തോടെ തിളങ്ങിയ ഇന്ത്യയുടെ ജി.തൃഷയാണ് പ്ലെയർ ഓഫ് ദ് മാച്ചും പ്ലെയർ ഓഫ് ദ് ടൂർണമെന്റും. ലോകകപ്പിലെ 7 മത്സരങ്ങളിലും ഉജ്വല വിജയങ്ങൾ സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് ബാറ്റിങ്ങിൽ രണ്ടിലധികം വിക്കറ്റുകൾ നഷ്ടമായത് ഒരു മത്സരത്തിൽ മാത്രം. ശ്രീലങ്കയ്ക്കെതിരായ 60 റൺസ് വിജയമായിരുന്നു റൺ അടിസ്ഥാനത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ വിജയം.
ക്ലീൻ സ്വീപ്
ടൂർണമെന്റിലെ ഇന്ത്യയുടെ ഏകപക്ഷീയ വിജയങ്ങൾക്കു ചുക്കാൻ പിടിച്ച സൂപ്പർ താരങ്ങൾ ഫൈനലിലും അതേ വീര്യത്തോടെ ആഞ്ഞടിച്ചപ്പോൾ നേരിയ വെല്ലുവിളിയുയർത്താൻ പോലും ദക്ഷിണാഫ്രിക്കയ്ക്കു കഴിഞ്ഞില്ല. കഴിഞ്ഞ മത്സരങ്ങളിൽ ബാറ്റുകൊണ്ട് ഇന്ത്യയുടെ വിജയശിൽപിയായ തെലങ്കാന സ്വദേശിനി തൃഷ ഇന്നലെ പന്തുകൊണ്ടും തിളങ്ങിയതോടെ എതിരാളികൾക്കു നേരിടേണ്ടിവന്നത് ഇന്ത്യൻ സ്പിന്നർമാരുടെ സർവാക്രമണം. ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിലെ 9 വിക്കറ്റുകളും നേടിയത് ഇന്ത്യയുടെ 4 സ്പിന്നർമാർ ചേർന്നാണ്. തൃഷ 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തപ്പോൾ ഇടംകൈ സ്പിന്നർമാരായ ആയുഷി ശുക്ല, പരുണിക സിസോദിയ, വൈഷ്ണവി ശർമ എന്നിവർ 2 വിക്കറ്റ് വീതം നേടി തിളങ്ങി. മറുപടി ബാറ്റിങ്ങിൽ തൃഷയും (33 പന്തിൽ 44 നോട്ടൗട്ട്) സനിക ചാൽകെയും (22 പന്തിൽ 26 നോട്ടൗട്ട്) ചേർന്ന് ഇന്ത്യയുടെ അനായാസ ജയമുറപ്പാക്കി.
പാരിതോഷികം 5 കോടി
അണ്ടർ 19 വനിതാ ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ബിസിസിഐ 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനുമായാണ് ഈ തുക നൽകുക.
കപ്പിലേക്കുള്ള വഴി
ഗ്രൂപ്പ് റൗണ്ട്
∙ Vs വെസ്റ്റിൻഡീസ് 9 വിക്കറ്റ് ജയം
∙ Vs മലേഷ്യ 10 വിക്കറ്റ് ജയം
∙ Vs ശ്രീലങ്ക 60 റൺസ് ജയം
സൂപ്പർ സിക്സ്
∙ Vs ബംഗ്ലദേശ് 8 വിക്കറ്റ് ജയം
∙ സ്കോട്‌ലൻഡ് 150 റൺസ് ജയം
സെമിഫൈനൽ
Vs ഇംഗ്ലണ്ട് 9 വിക്കറ്റ് ജയം
ഫൈനൽ
Vs ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് ജയം