ഇതാ ഇന്ത്യൻ ഡ്രീം ഇലവൻ! 309 റൺസുമായി തൃഷ, 17 വിക്കറ്റ് നേടി വൈഷ്ണവി

Mail This Article
അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ കിരീടത്തിൽ മാത്രമല്ല, ടൂർണമെന്റിലെ വ്യക്തിഗത നേട്ടങ്ങളുടെ പട്ടികയിലും ഇന്ത്യൻ പെൺകുട്ടികളുടെ സർവാധിപത്യമാണ്. 7 മത്സരങ്ങളിൽ നിന്ന് 309 റൺസും 7 വിക്കറ്റും സ്വന്തമാക്കിയ തെലങ്കാന സ്വദേശി ജി.തൃഷ ലോകകപ്പിലെ താരവും ടോപ് സ്കോററുമായപ്പോൾ കൂടുതൽ വിക്കറ്റുകൾ നേടിയത് മധ്യപ്രദേശുകാരി വൈഷ്ണവി ശർമയാണ് (17 വിക്കറ്റുകൾ).
സ്കോട്‌ലൻഡിനെതിരായ മത്സരത്തിലൂടെ അണ്ടർ 19 വനിതാ ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചറി കുറിച്ച തൃഷ, ടൂർണമെന്റിലെ ഉയർന്ന വ്യക്തിഗത സ്കോർ (110 നോട്ടൗട്ട്), മികച്ച സ്ട്രൈക്ക് റേറ്റ് (147.14) എന്നീ പട്ടികയിലും ഒന്നാമതാണ്. ഡിസംബറിൽ മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യ ജേതാക്കളായപ്പോഴും ടൂർണമെന്റിലെ താരവും ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ചും തൃഷയായിരുന്നു.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ പുറത്തിരിക്കേണ്ടിവന്ന വൈഷ്ണവി ശർമയ്ക്ക് ഇന്ത്യ രണ്ടാം മത്സരം മുതലാണ് അവസരം നൽകിയത്. 6 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റുമായി പ്രതിഭ തെളിയിച്ച വൈഷ്ണവി മലേഷ്യയ്ക്കെതിരായ മത്സരത്തിൽ വെറും 5 റൺസ് വഴങ്ങി നേടിയത് 5 വിക്കറ്റുകളാണ്. 14 വിക്കറ്റ് നേടിയ ആയുഷി ശുക്ല, 10 വിക്കറ്റ് നേടിയ പരുണിക സിസോദിയ എന്നിങ്ങനെ ലോകകപ്പിലെ മികച്ച വിക്കറ്റ് വേട്ടക്കാരുടെ ടോപ് ഫോറിൽ 3 ഇന്ത്യൻ സ്പിന്നർമാർ ഇടംപിടിച്ചു.