കേരളത്തിന്റെ കപ്പ് ഓഫ് ജോയ് !; ജോഷിതയുടെ കിരീടനേട്ടം പിതാവ് കണ്ടത് ഹോട്ടൽ ജോലിക്കിടെ

Mail This Article
കൽപറ്റ ∙ മകൾ ജോഷിതയുൾപ്പെട്ട ഇന്ത്യൻ ടീം ലോകകിരീടം ഉയർത്തുമ്പോൾ കൽപറ്റയിലെ ഹോട്ടലിൽ ജോലിയിലായിരുന്നു അച്ഛൻ ജോഷി. പണിത്തിരക്കിന്റെ ഇടവേളകളിൽ മകളുടെ കിരീടനേട്ടം കണ്ടത് മൊബൈൽ ഫോണിൽ. ഈ സമയം ഗ്രാമത്തുവയലിലെ കൊച്ചുവാടകവീട്ടിൽ അമ്മ ശ്രീജയും സഹോദരി ജോഷ്നയും ലോകകപ്പ് നേട്ടത്തിന്റെ ആഹ്ലാദത്തിലായിരുന്നു.
കഷ്ടപ്പാടുകൾക്കു നടുവിലും ജോഷിതയുടെ സ്വപ്നത്തിനു നിറംപകർന്നതു മാതാപിതാക്കളാണ്. ഹോട്ടൽ തൊഴിലാളിയായ ജോഷിയും ഫാൻസി സ്റ്റോറിൽ ജോലി നോക്കുന്ന ശ്രീജയും മകളുടെ ക്രിക്കറ്റ് പരിശീലനം മുടക്കിയിരുന്നില്ല. ചെറുപ്രായത്തിൽ തന്നെ ക്രിക്കറ്റ് പരിശീലനത്തിനു തുടക്കമിട്ട ജോഷിത കഴിഞ്ഞ 7 വർഷമായി കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിലാണു പരിശീലനം നടത്തുന്നത്.
പരിശീലകൻ അമൽ ബാബുവാണ് ജോഷിതയിലെ താരത്തെ കണ്ടെത്തിയത്. തുടർന്ന് കെസിഎ പരിശീലകരായ ടി.ദീപ്തിയുടെയും ജസ്റ്റിൻ ഫെർണാണ്ടസിന്റെയും പരിശീലനം കൂടിയായതോടെ മികച്ച താരമായി വളർന്നു. ബത്തേരി സെന്റ് മേരീസ് കോളജിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിനിയാണ് ജോഷിത ഇപ്പോൾ.
രാജ്യത്തിനായി ജഴ്സിയണിഞ്ഞ് 2 മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് ഏഷ്യ കപ്പും ട്വന്റി20 ലോകകപ്പും നേടിയ ടീമുകളിൽ ജോഷിത അംഗമായത്. വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമാണ്. 10 ലക്ഷം രൂപയ്ക്കാണ് ബെംഗളൂരു ജോഷിതയെ ടീമിലെത്തിച്ചത്.