ആമിർ ഖാനെ കയ്യടിപ്പിച്ച സിക്സർ; രോഹിത് ശർമയ്ക്കും ജയ്സ്വാളിനുമൊപ്പം സഞ്ജു, അപൂർവ നേട്ടം- വിഡിയോ

Mail This Article
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തിലും ചെറിയ സ്കോറിനു പുറത്തായെങ്കിലും ഇന്ത്യൻ ജഴ്സിയിൽ അപൂർവ നേട്ടത്തിലെത്തി മലയാളി താരം സഞ്ജു സാംസൺ. ട്വന്റി20യിലെ ആദ്യ പന്തിൽ തന്നെ സിക്സ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണു സഞ്ജു. മുംബൈയിൽ ജോഫ്ര ആർച്ചറുടെ പന്താണു സഞ്ജു സിക്സർ പറത്തിയത്. രോഹിത് ശർമയും യശസ്വി ജയ്സ്വാളുമാണ് സഞ്ജുവിനു മുന്‍പ് ട്വന്റി20യിലെ ആദ്യ പന്തിൽ സിക്സടിച്ചവർ.
2021 ൽ അഹമ്മദാബാദിൽവച്ച് ഇംഗ്ലണ്ടിന്റെ തന്നെ ആദിൽ റാഷിദിനെതിരെയായിരുന്നു രോഹിത് ശർമയുടെ സിക്സ്. കഴിഞ്ഞ വർഷം സിംബാബ്‍വെ താരം സിക്കന്ദർ റാസയുടെ പന്ത് ജയ്സ്വാളും സിക്സർ പറത്തി. ഒരു പേസറുടെ ആദ്യ പന്തിൽ സിക്സടിക്കുന്ന ആദ്യ ഇന്ത്യൻ താരമാണു സഞ്ജു സാംസൺ. അഞ്ചാം മത്സരത്തിൽ ഏഴു പന്തുകൾ നേരിട്ട സഞ്ജു 16 റൺസെടുത്താണു പുറത്തായത്. സഞ്ജുവിന്റെ ആദ്യ സിക്സർ കണ്ട് ഗാലറിയിൽനിന്ന് കയ്യടിച്ചവരിൽ ബോളിവുഡ് താരം ആമിർ ഖാനും ഉൾപ്പെടും.
പേസർ മാർക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ ജോഫ്ര ആർച്ചർ ക്യാച്ചെടുത്തായിരുന്നു സഞ്ജുവിന്റെ മടക്കം. ഇത്തവണയും ഷോർട്ട് ബോളിലാണു മലയാളി താരത്തിന്റെ പുറത്താകൽ. മാർക് വുഡിന്റെ പന്ത് ഡീപ് സ്ക്വയർ ലെഗിലേക്ക് പുൾ ചെയ്ത സഞ്ജുവിനെ ബൗണ്ടറിക്കു സമീപത്തു നിൽക്കുകയായിരുന്ന ആർച്ചർ പിടിച്ചെടുത്തു. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ അഞ്ച് ഇന്നിങ്സുകളിലും ഷോർട്ട് ബോളുകളിലാണു സഞ്ജു പുറത്തായത്. ഇതോടെ ഷോർട്ട് ബോളുകൾ നേരിടാൻ സഞ്ജുവിനു സാധിക്കുന്നില്ലെന്നു വിമര്‍ശനമുയർന്നു.