പരുക്കേറ്റിട്ടും ആർച്ചർക്കെതിരെ ബൗണ്ടറികൾ പായിച്ച് സഞ്ജു; കീപ്പറായി ഇറങ്ങിയില്ല, പകരക്കാരനായി ധ്രുവ് ജുറേൽ

Mail This Article
മുംബൈ∙ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20 മത്സരത്തിനിടെ ഇന്ത്യൻ താരം സഞ്ജു സാംസണിനു പരുക്ക്. ഇംഗ്ലണ്ടിനെതിരെ ബാറ്റു ചെയ്യുമ്പോൾ ജോഫ്ര ആർച്ചറുടെ പന്ത് ഇടിച്ച് സഞ്ജുവിന്റെ വിരലിനു പരുക്കേറ്റു. ആർച്ചറിന്റെ മത്സരത്തിലെ ആദ്യ പന്ത് സിക്സർ പറത്തിയ സഞ്ജുവിന് മൂന്നാം പന്തിലാണു പരുക്കേറ്റത്. തുടർന്ന് ടീം ഫിസിയോയെത്തി സഞ്ജുവിന്റെ പരുക്ക് പരിശോധിച്ചു. ഇതേ ഓവറിൽ ഒരു സിക്സും ഫോറുമുൾപ്പടെ രണ്ട് ബൗണ്ടറികൾ കൂടി നേടിയെങ്കിലും അടുത്ത ഓവറിൽ താരം പുറത്തായിരുന്നു.
ആർച്ചറുടെ ആദ്യ ഓവറിൽ 16 റൺസാണ് സഞ്ജു അടിച്ചെടുത്തത്. എന്നാൽ മാർക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ സഞ്ജു പുറത്തായി. ജോഫ്ര ആർച്ചർ ക്യാച്ചെടുത്താണ് സഞ്ജു ഇത്തവണ മടങ്ങിയത്. എന്നാൽ സഞ്ജുവിനെ വിക്കറ്റ് കീപ്പറാക്കാൻ ടീം മാനേജ്മെന്റ് തയാറായില്ല. സഞ്ജുവിനു പരുക്കേറ്റ സാഹചര്യത്തിൽ പ്ലേയിങ് ഇലവനിൽ ഇല്ലാതിരുന്ന ധ്രുവ് ജുറേൽ പകരം വിക്കറ്റ് കീപ്പറായി ഇറങ്ങി.
സഞ്ജുവിന്റെ പരുക്കിനെക്കുറിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ വിക്കറ്റ് കീപ്പറായി ഇറങ്ങി, പരുക്കു കൂടുതൽ വഷളാകാതിരിക്കാൻ മുൻകരുതലായി സഞ്ജുവിനെ മാറ്റിനിർത്തിയെന്നാണു വിവരം. അടുത്ത മാസം ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ സഞ്ജുവിന്റെ ഫിറ്റ്നസ് രാജസ്ഥാൻ റോയൽസിനും നിർണായകമാണ്. പരുക്കു മാറിയാൽ താരം രഞ്ജി ട്രോഫിയിൽ കേരളത്തിനായി ഇറങ്ങാനും സാധ്യതയുണ്ട്.