സ്റ്റംപ് ലൈനിൽ പന്തെറിഞ്ഞാലും രക്ഷയില്ല;ഇംഗ്ലണ്ട് ബോളർമാരെ വട്ടംകറക്കിയ ബാറ്റിങ്, ടൈമിങ് തെറ്റിയ ഒറ്റ ഷോട്ടു പോലുമില്ല

Mail This Article
‘പെർഫക്ട് ക്രിക്കറ്റ് ഷോട്സ്’ എന്നാണ് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിലെ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയുടെ ബാറ്റിങ്ങിനെ സുനിൽ ഗാവസ്കർ പ്രശംസിച്ചത്. ട്വന്റി20യിലെ എക്കാലത്തെയും മികച്ച ഇന്നിങ്സെന്ന് ഇരുപത്തിനാലുകാരൻ അഭിഷേകിന്റെ സെഞ്ചറിയെ വാഴ്ത്തിയത് ഇംഗ്ലിഷ് ക്യാപ്റ്റൻ ജോസ് ബട്‌ലർ. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന മത്സരത്തിലെ അഭിഷേകിന്റെ വെടിക്കെട്ടിന്റെ പ്രകമ്പനങ്ങൾ ഇപ്പോഴും ക്രീസ് വിട്ടുപോയിട്ടില്ല. ഡ്രൈവ്, ലോഫ്റ്റഡ് ഡ്രൈവ്, പുൾ, കട്ട്, സ്ലോഗ് എന്നിങ്ങനെ ക്രിക്കറ്റ് ഷോട്ടുകളുടെ ഉത്സവമായിരുന്നു അത്. 37 പന്തിൽ സെഞ്ചറി തികച്ച താരം ആകെ നേടിയത് 54 പന്തിൽ 13 സിക്സും 7 ഫോറുമടക്കം 135 റൺസ്. 150 കിലോമീറ്റർ വേഗത്തിലെത്തിയ പന്തുകൾ വരെ അഭിഷേക് അനായാസം ഗാലറിയിലെത്തിച്ചപ്പോൾ നിസ്സഹായതയോടെ നോക്കിനിൽക്കാനേ ഇംഗ്ലിഷ് പേസർമാർക്ക് കഴിഞ്ഞുള്ളൂ.
പെർഫക്ട് ടൈമിങ് !
സഹ ഓപ്പണർ സഞ്ജു സാംസൺ അടക്കമുള്ളവർ ഇംഗ്ലിഷ് പേസർമാരുടെ ഷോട്ബോൾ കെണിയിൽ വീണപ്പോൾ പേസ്, സ്പിൻ വ്യത്യാസമില്ലാതെ ബോളർമാരെ ഫ്രണ്ട് ഫൂട്ടിലും ക്രീസ് വിട്ടിറങ്ങിയും ആക്രമിച്ചാണ് അഭിഷേക് സ്കോറുയർത്തിയത്. പന്തിന്റെ ലെങ്ത് മുൻകൂട്ടി കണ്ടുള്ള ആക്രമണത്തിൽ അഭിഷേകിന്റെ കണ്ണിനും കാലിനും താളംപിഴച്ചില്ല. സ്റ്റംപ് ലൈനിൽ പന്തെറിഞ്ഞ് ‘തടി’ രക്ഷിക്കാൻ നോക്കിയ പേസർമാരെ ഇൻസൈഡ് ഔട്ട് ഷോട്ടുകളിലൂടെ നേരിട്ട അഭിഷേക് ആ പന്തുകളെ ബാക്ക് വേഡ് പോയിന്റിനും ലോങ് ഓഫിനും ഇടയിലൂടെ തുടരെ ബൗണ്ടറിയിലെത്തിച്ചു കയ്യടി നേടി.
സ്ട്രെയ്റ്റ് ടു സിക്സ്
ടൈമിങ് തെറ്റി ബാറ്റിന്റെ എഡ്ജിലുരുമ്മിയ ഒരൊറ്റ ഷോട്ടുപോലുമില്ലാത്ത പെർഫെക്ട് ഇന്നിങ്സായിരുന്നു അഭിഷേകിന്റേത്. ഫൈൻ ലെഗിലേക്കോ തേഡ് മാനിലേക്കോ ലക്ഷ്യം തെറ്റിപ്പോയ ഒരു പന്തുപോലും 93 മിനിറ്റ് ദൈർഘ്യമുള്ള ആ ഇന്നിങ്സിലുണ്ടായില്ല. ഡീപ് പോയിന്റ് മുതൽ ലോങ് ഓൺ വരെയുള്ള ഗ്രൗണ്ടിന്റെ ഒരു പകുതിയിലൂടെ മാത്രമാണ് ഷോട്ടുകൾ പായിച്ചത്.
മൈതാനത്ത് ലോങ് ഓണിലും ലോങ് ഓഫിനും ഇടയിലുള്ള ‘വി’ ഏരിയ ആയിരുന്നു മത്സരത്തിൽ അഭിഷേകിന്റെ പ്രധാന സ്കോറിങ് മേഖല. ആകെ നേടിയ 135 റൺസിൽ 70 റൺസ് അഭിഷേക് കണ്ടെത്തിയത് ഈ പ്രദേശത്തേക്കു പന്തടിച്ചാണ്. ഇന്നിങ്സിലെ അഭിഷേകിന്റെ 13 സിക്സുകളിൽ എട്ടും പറന്നതും ഈ ഭാഗത്തെ ഗാലറിയിലേക്കു തന്നെ.

