ഇംഗ്ലണ്ടിന്റെ തന്ത്രം അറിയാമല്ലോ, സഞ്ജുവും സൂര്യയും മറുപടി നൽകണമായിരുന്നു: വിമർശിച്ച് അശ്വിന്

Mail This Article
ചെന്നൈ∙ ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജു സാംസണും പുറത്താകുന്നതു കണ്ട് തനിക്ക് അദ്ഭുതം തോന്നിയിട്ടുണ്ടെന്ന് ആർ. അശ്വിൻ. സമാനമായ പന്തുകളിൽ സമാനമായ തെറ്റുകൾ വരുത്തി സഞ്ജുവും സൂര്യയും പുറത്താകുന്നതും ഒരേ പോലെയാണെന്നും അശ്വിൻ യുട്യൂബ് വിഡിയോയിൽ വ്യക്തമാക്കി. ഇംഗ്ലണ്ട് പേസർമാർ ഉപയോഗിക്കുന്ന തന്ത്രം എന്താണെന്ന് അറിയുന്നതിനാൽ അതിനു മറുപടി നൽകാൻ ഇരുവരും തയാറാകണമായിരുന്നെന്നും അശ്വിൻ ആവശ്യപ്പെട്ടു.
‘‘ഒരു തമിഴ് സിനിമയിൽ രജനീകാന്ത് ഡബിൾ റോൾ ചെയ്യുമ്പോള്‍ ഒരാള്‍ക്ക് മീശയുണ്ട്, മറ്റേയാൾക്ക് അതില്ല. സഞ്ജുവിനേയും സൂര്യയേയും കാണുമ്പോൾ അതാണു തോന്നുന്നത്. ഒരേ രീതിയിലുള്ള പന്തുകൾ, ഒരേ ഷോട്ട്, ഒരേ പിഴവ്, ഒരേ പുറത്താകൽ. ക്രിക്കറ്റിൽ ഒന്നോ രണ്ടോ മത്സരങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നതു മനസ്സിലാക്കാം. പക്ഷേ ഇത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണ്.’’
‘‘നിങ്ങൾക്കെതിരെ ഉപയോഗിക്കാൻ പോകുന്ന തന്ത്രം എന്താണെന്നു നന്നായി അറിയാം. അതിനു മറുപടി നൽകേണ്ടത് നിങ്ങളുടെ മാത്രം ചുമതലയാണ്. രണ്ടു താരങ്ങളും എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു. സൂര്യകുമാർ യാദവ് അനുഭവ സമ്പത്തുള്ള താരമാണ്. എന്നാൽ അദ്ദേഹം ശൈലി മാറ്റേണ്ട സമയമായിട്ടുണ്ട്. മനസ്സിൽ ഒരുപാടു ചോദ്യങ്ങൾ ഉയർന്നാൽ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാകും. സഞ്ജുവിന്റെ കാര്യത്തിൽ ഇതാണു സംഭവിച്ചത്.’’– അശ്വിൻ വ്യക്തമാക്കി.