‘തുടർച്ചയായി ഷോര്‍ട്ട് ബോളുകളിൽ പുറത്താകാൻ കാരണം സഞ്ജുവിന്റെ ഈഗോ, തിരുത്തിയില്ലെങ്കിൽ പുറത്ത്’

Mail This Article
ചെന്നൈ∙ ട്വന്റി20 ക്രിക്കറ്റിൽ തുടർച്ചയായി ഷോർട്ട് ബോളുകൾ നേരിട്ട് സഞ്ജു പുറത്താകാൻ കാരണം അദ്ദേഹത്തിന്റെ ഈഗോയാണെന്ന് മുൻ ഇന്ത്യൻ താരവും ചീഫ് സിലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ഇതേ രീതിയിലാണു കളിക്കുന്നതെങ്കില്‍ വൈകാതെ സഞ്ജുവിന്റെ സ്ഥാനം യുവതാരം യശസ്വി ജയ്സ്വാൾ സ്വന്തമാക്കുമെന്നും ശ്രീകാന്ത് യുട്യൂബ് വിഡിയോയിൽ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ എല്ലാ മത്സരങ്ങളിലും പേസർമാരുടെ ഷോർട്ട് ബോളുകളിലാണ് സഞ്ജു ചെറിയ സ്കോറിനു പുറത്തായത്. ഇതോടെയാണ് ശ്രീകാന്തിന്റെ വിമർശനം.
ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ കൈ വിരലിനു പരുക്കേറ്റ സഞ്ജുവിന് ആറാഴ്ചത്തെ വിശ്രമമാണു വേണ്ടത്. ബാറ്റിങ്ങിനിടെ ജോഫ്ര ആർച്ചറുടെ പന്ത് കയ്യിൽ തട്ടിയാണു സഞ്ജുവിനു പരുക്കേറ്റത്. ‘‘എത്ര ഷോർട്ട് ബോളുകൾ എറിഞ്ഞാലും അതെല്ലാം അടിക്കുമെന്ന ഈഗോയാണു സഞ്ജുവിന്. അതുകാരണം അദ്ദേഹം എല്ലാ കളികളിലും ഒരേ രീതിയിൽ പുറത്തായി. ക്രിക്കറ്റ് അറിയാത്തവർ പോലും ഇതു കണ്ടാൽ ചോദ്യം ചെയ്യും. ചാംപ്യൻസ് ട്രോഫിയിൽ സഞ്ജുവിനെ എന്തുകൊണ്ടാണു കളിപ്പിക്കാത്തത് എന്നു നമ്മൾ ചർച്ച ചെയ്യുമ്പോഴാണ് അദ്ദേഹം ഈ രീതിയിൽ പുറത്താകുന്നത്.’’
‘‘സൂര്യകുമാർ യാദവും ഇതേ അവസ്ഥയിലാണ്. ഫ്ലിക് ചെയ്യാൻ ശ്രമിച്ച് സ്ഥിരമായി പുറത്താകുന്നു. രണ്ടു താരങ്ങളും ബാറ്റിങ്ങിൽ തിരുത്തലുകൾ വരുത്താൻ തയാറാകണം. ഐപിഎല്ലിൽ സൂര്യയ്ക്ക് സ്ഥിരമായി ഇത്തരം ഷോട്ടുകൾ കളിക്കാൻ സാധിക്കും. കാരണം അവിടെ ഇത്രയും വേഗത്തിൽ പന്തെറിയുന്നവർ ഇല്ല. പരമ്പര ജയിച്ചതിനാലാണ് സൂര്യയ്ക്കെതിരെ വലിയ വിമർശനമില്ലാത്തത്. തോറ്റിരുന്നെങ്കിൽ അതാകുമായിരുന്നില്ല സ്ഥിതി.’’– കൃഷ്ണമാചാരി ശ്രീകാന്ത് പ്രതികരിച്ചു.