ഞാനും ഇന്ത്യൻ ടീമിലുള്ളതാ...! ആരാധകനെന്നു കരുതി, പരിശീലകനെ നാഗ്പുരിൽ തടഞ്ഞുനിർത്തി പൊലീസ്- വിഡിയോ

Mail This Article
നാഗ്പുർ∙ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കായി നാഗ്പുരിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ത്രോ ഡൗൺ സ്പെഷലിസ്റ്റ് രാഘവേന്ദ്രയെ ഹോട്ടലിൽ തടഞ്ഞു. ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങൾ ഹോട്ടലിലെത്തിയപ്പോഴാണ് ആളെ തിരിച്ചറിയാതെ പൊലീസിന്റെ നടപടി. ഇന്ത്യൻ ടീമിന്റെ പരിശീലക ജഴ്സി അണിഞ്ഞിരുന്നെങ്കിലും ആരാധകനാണെന്നു കരുതിയാണ് പൊലീസ് തടഞ്ഞത്. ഇന്ത്യൻ സംഘത്തിനൊപ്പമുള്ളതാണെന്ന് രാഘവേന്ദ്ര പറഞ്ഞെങ്കിലും തുടക്കത്തിൽ പൊലീസ് ഇത് അംഗീകരിച്ചില്ല.
കുറച്ചുനേരം തടഞ്ഞുനിർത്തിയ ശേഷമായിരുന്നു പരിശീലകനെ ടീമിനൊപ്പം പോകാൻ അനുവദിച്ചത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി വിരാട് കോലി, രോഹിത് ശർമ. യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം നാഗ്പുരിലെത്തിയത്. ഇവർക്കൊപ്പമായിരുന്നു രാഘവേന്ദ്രയും ഉണ്ടായിരുന്നത്. പരിശീലകനെ പൊലീസ് തടയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ, ആദ്യത്തെ കളി വ്യാഴാഴ്ചയാണ്. ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ടീമുമായാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുക. പക്ഷേ പേസർ ജസ്പ്രീത് ബുമ്രയ്ക്കു പകരം ഹർഷിത് റാണയാണ് ഇംഗ്ലണ്ടിനെതിരെ കളിക്കുക. അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവരും ഇന്ത്യൻ ടീമില്‍ പേസര്‍മാരായുണ്ട്.