പാട്ടും ഡാൻസും ലോകകപ്പും ആഘോഷമാക്കി; ആർസിബിയിൽ തിളങ്ങണം, അതുവഴി സീനിയര് ടീമിലും കയറണം: വി.ജെ. ജോഷിത

Mail This Article
കൽപറ്റ ∙ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിൽ വിജയിയായിട്ടുണ്ട് ജോഷിത. കുട്ടിക്കാലംതൊട്ടേ വോളിബോളും ക്രിക്കറ്റും കളിക്കും. മകൾക്കു കലയിലാണോ സ്പോർട്സിലാണോ കൂടുതൽ കമ്പമെന്ന കൺഫ്യൂഷനിലായിരുന്നു മാതാപിതാക്കൾ. കൽപറ്റ മുണ്ടേരി ജിവിഎച്ച്എസ്എസിൽ 5–ാം ക്ലാസിലായപ്പോഴേക്കും ജോഷിത തന്നെ അതിനു മറുപടി നൽകി; ക്രിക്കറ്റാണ് എന്റെ വഴി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽ സിലക്‌ഷൻ കിട്ടിയതോടെയായിരുന്നു അത്. കൽപറ്റ അമ്പിലേരിയിലെ കുഞ്ഞു വാടകവീട്ടിൽ നിന്നെത്തി, അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായതോടെ ജോഷിത ലോകത്തിനു മുന്നിലും അതു തെളിയിച്ചു. ലോകകപ്പ് നേടിയശേഷം ആദ്യമായി നാട്ടിലെത്തിയ വി.ജെ. ജോഷിത മലയാള മനോരമയോടു സംസാരിക്കുന്നു.
ക്യാംപിലെ ഓളം
ലോകകപ്പ് കൈയിലേന്തിയ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും രോമാഞ്ചമാണ്. ലോകകപ്പ് ടീം ക്യാംപ് ശരിക്കും വീട് പോലെയായിരുന്നു. കളിയില്ലാത്ത സമയങ്ങളിലും ഞങ്ങൾ വെറുതെയിരുന്നില്ല. എപ്പോഴും പാട്ടും ഡാൻസുമൊക്കെയായി മേളമായിരുന്നു. നാട്ടിലേക്കു തിരിച്ചപ്പോൾ എല്ലാവർക്കും നല്ല സങ്കടം വന്നു. അത്രയും നല്ല ബന്ധമായിരുന്നു എല്ലാവരും തമ്മിൽ. തമിഴ്നാട്ടിൽനിന്നുള്ള കമാലിനിയുമായി നല്ല കൂട്ടായിരുന്നു. എനിക്കു തമിഴ് നന്നായി അറിയാം. ഞങ്ങൾ കുറേനേരം സംസാരിച്ചിരിക്കുമായിരുന്നു.
അരങ്ങായി അക്കാദമി
വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയവും ക്രിക്കറ്റ് അക്കാദമിയും വളർത്തിയെടുത്ത താരങ്ങൾ ഒട്ടേറെയാണ്. മിന്നുചേച്ചിയുടെയും (മിന്നുമണി) സജനചേച്ചിയുടെയുമെല്ലാം (സജന സജീവൻ) നേട്ടങ്ങൾ ഞങ്ങളെപ്പോലുള്ളവർക്കും പ്രചോദനമായി. ഓരോ കളിയിലും പ്രകടനം മെച്ചപ്പെടുത്തുന്നതിന് അവരുടെയെല്ലാം ഉപദേശങ്ങളും പിന്തുണയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ലോകകപ്പ് നേടിയപ്പോൾ രണ്ടുപേരും അഭിനന്ദിച്ചു. വളരെ സന്തോഷം തോന്നി. ഇനിയും കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ഒട്ടേറെ താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് ഉയർന്നുവരുമെന്ന് ഉറപ്പാണ്. വയനാട് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ, പരിശീലകരായ അമൽബാബു, ജെസ്റ്റിൻ ഫെർണാണ്ടസ്, ടി. ദീപ്തി തുടങ്ങിയവരുടെ പിന്തുണ മറക്കാനാകില്ല.
കഠിനാധ്വാനത്തിന്റെ ഫലം
അച്ഛൻ ജോഷി കൽപറ്റയിലെ ഹോട്ടലിൽ തൊഴിലാളിയാണ്. അമ്മ ശ്രീജ കൽപറ്റയിലെ ഫാൻസി കടയിൽ ജോലി ചെയ്യുന്നു. കഷ്ടപ്പാടിനിടയിലും മാതാപിതാക്കളും സഹോദരങ്ങളും തന്ന പിന്തുണ വലുതാണ്. പരിശീലകരും അധ്യാപകരും ക്രിക്കറ്റ് അക്കാദമിയുടെ ഭാരവാഹികളുമെല്ലാം സഹായിച്ചു. ക്രിക്കറ്റ് അസോസിയേഷന്റെ സഹായമുണ്ടായതിനാൽ ക്യാംപുകൾക്കു പോകാനും മറ്റും സാമ്പത്തിക ചെലവുണ്ടായില്ല. ഇന്ത്യൻ ടീമിലെത്തിയ മിന്നുചേച്ചിക്ക് കൽപറ്റയിൽ സ്വീകരണം കൊടുത്തപ്പോൾ അച്ഛനും അമ്മയും കാണാൻ പോയിരുന്നു. അടുത്ത സ്വീകരണം ജോഷിതയ്ക്കായിരിക്കുമെന്ന് പറഞ്ഞവരുണ്ട്. ഇപ്പോൾ ആ പ്രവചനം ഫലിച്ചു.
ഇഷ്ടതാരം ഭുവനേശ്വർ
പേസ് ബോളറാണ് ഞാൻ. അത്യാവശ്യം നല്ല സ്പീഡ് ഉണ്ട്. പന്ത് ഏതുദിശയിലും മൂവ് ചെയ്യിക്കാനാകും എന്ന ആത്മവിശ്വാസവുമുണ്ട്. ഭുവനേശ്വർ കുമാറാണ് ഇഷ്ടതാരം. ഇനി വനിതാ പ്രിമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി നന്നായി കളിക്കണം. അതുവഴി ഇന്ത്യൻ സീനിയർ ടീമിലും കയറണം. അതാണു ലക്ഷ്യവും മോഹവും.