മലയാളി താരത്തെ എന്തുകൊണ്ട് ചാംപ്യൻസ് ട്രോഫി കളിപ്പിക്കുന്നില്ല? ന്യായീകരിച്ച് ശുഭ്മൻ ഗിൽ

Mail This Article
നാഗ്പുർ∙ വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര ബാറ്റിങ് പ്രകടനം നടത്തിയിട്ടും മലയാളി താരം കരുൺ നായരെ എന്തുകൊണ്ട് ചാംപ്യൻസ് ട്രോഫി കളിപ്പിക്കുന്നില്ല എന്നു വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ. ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ തുടർച്ച പ്രധാനമായതുകൊണ്ടുതന്നെ കരുൺ നായരെ കളിപ്പിക്കാൻ സാധിക്കില്ലെന്നാണ് ഗില്ലിന്റെ നിലപാട്. വിജയ് ഹസാരെയിൽ കരുണിന്റേത് തകർപ്പൻ പ്രകടനമായിരുന്നെന്നും ഗിൽ സമ്മതിച്ചു.
‘‘നിലവിൽ ഇന്ത്യൻ ടീമിലുള്ള താരങ്ങൾ മികച്ചവരാണ്. അവരെ പുറത്താക്കാൻ എന്തായാലും പറ്റില്ല. ഈ ഘട്ടത്തിലെത്താൻ അവരും നന്നായി കളിച്ചു വന്നിട്ടുള്ളതാണ്. ഏകദിന ലോകകപ്പിൽ മധ്യനിര ബാറ്റർമാർ 400–500 റൺസ് നേടിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ കരുൺ നായരുടെ പ്രകടനം മികച്ചതായിരുന്നു. ഇംഗ്ലണ്ടിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണു ഞങ്ങൾ കളിക്കുന്നത്. അവർ കരുത്തരാണ്. ചാംപ്യൻസ് ട്രോഫിക്കുള്ള പരിശീലന മത്സരമല്ല ഇത്. ഇന്ത്യൻ ടീമിന് വളരെ പ്രധാനപ്പെട്ട പരമ്പരയാണ്.’’– ശുഭ്മൻ ഗിൽ നാഗ്പുരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
വിജയ് ഹസാരെ ട്രോഫിയിൽ തിളങ്ങിയ കരുൺ നായര്‍ക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകണമെന്ന് ശക്തമായ ആവശ്യമുയർന്നിരുന്നു. എന്നാൽ സിലക്ഷൻ കമ്മിറ്റി ഇതു പരിഗണിച്ചില്ല. ഇന്ത്യയിൽ നല്ല താരങ്ങൾ ഏറെയുണ്ടെന്നും പക്ഷേ, നിലവിലെ ടീമിൽനിന്നും മാറ്റിനിര്‍ത്താൻ ആരുമില്ലെന്നുമായിരുന്നു സിലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ ഇതിനോടു പ്രതികരിച്ചത്.
വിജയ് ഹസാരെയിൽ വിദർഭ ടീമിനെ ഫൈനൽ വരെയെത്തിക്കാൻ ക്യാപ്റ്റനായ കരുൺ നായർക്കു സാധിച്ചിരുന്നു. എട്ട് മത്സരങ്ങളിൽനിന്ന് 779 റണ്‍സാണു താരം അടിച്ചെടുത്തത്. അഞ്ച് സെഞ്ചറികൾ നേടിയ താരം ആറു കളികളിൽ പുറത്താകാതെനിന്നു.