സഞ്ജുവിനെ പിന്തുണച്ചതിന് ശ്രീശാന്തിന് കെസിഎയുടെ കാരണം കാണിക്കൽ നോട്ടിസ്; മറുപടി നൽകാൻ 7 ദിവസം സാവകാശം

Mail This Article
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ചതിന് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടിസിലുള്ളത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ഈ വിഷയത്തിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടിസിൽ നിർദ്ദേശമുണ്ട്.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് സഞ്ജുവിനെ തഴഞ്ഞതിനു പിന്നിൽ കെസിഎയ്‌ക്കും പങ്കുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽനിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാംപ്യൻസ് ട്രോഫി ടീമിൽ ഇടം ലഭിക്കാത്തതിനു കാരണമെന്നായിരുന്നു വിമർശനം.
വിവാദം പുകയുന്നതിനിടെ സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയിൽ സഞ്ജുവിനെ പിന്തുണയ്‌ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യർഥന.
കെസിഎൽ ടീമിന്റെ സഹ ഉടമ എന്ന നിലയിൽ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങൾ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. പൊതുസമൂഹത്തിനു മുന്നിൽ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമർശങ്ങളെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ കെസിഎയുടെ നിലപാട് തേടുന്നതിനു പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തെന്നും നോട്ടിസിലുണ്ട്.