ഓസ്ട്രേലിയയ്ക്കു വൻ തിരിച്ചടി, പരുക്കേറ്റ കമിൻസ് ചാംപ്യൻസ് ട്രോഫി കളിക്കില്ല; ആരാകും പുതിയ ക്യാപ്റ്റൻ?

Mail This Article
സിഡ്നി∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ഓസ്ട്രേലിയയ്ക്കു തലവേദനയായി ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പരുക്ക്. കാലിനു പരുക്കേറ്റ കമിൻസിനു ടൂർണമെന്റ് പൂർണമായും നഷ്ടമാകുമെന്നാണു പുറത്തുവരുന്ന വിവരം. പാറ്റ് കമിൻസ് ഇതുവരെ പന്തെറിഞ്ഞു തുടങ്ങിയിട്ടില്ലെന്ന് പരിശീലകൻ അൻഡ്രു മക്ഡോണൾഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കമിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്തോ, ട്രാവിസ് ഹെഡോ ഓസ്ട്രേലിയയുടെ ക്യാപ്റ്റനായേക്കും.
കമിൻസ് പുറത്തിരിക്കുന്നതോടെ ഓസ്ട്രേലിയയുടെ പേസ് ബോളിങ് യൂണിറ്റും ടീം മാനേജ്മെന്റിന് അഴിച്ചുപണിയേണ്ടിവരും. ‘‘കമിൻസ് ഇതുവരെ പന്തെറിയാൻ തുടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ അദ്ദേഹം ടൂർണമെന്റിന് ഉണ്ടാകാൻ സാധ്യതയില്ല. നമുക്ക് പുതിയൊരു ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും. സ്റ്റീവ് സ്മിത്തിനോടും ട്രാവിസ് ഹെഡിനോടും ക്യാപ്റ്റൻസി ഏറ്റെടുക്കുന്ന കാര്യം സംസാരിച്ചിട്ടുണ്ട്.’’– ഓസ്ട്രേലിയൻ പരിശീലകൻ വ്യക്തമാക്കി.
കമിൻസിനു പുറമേ മറ്റൊരു പേസറായ ജോഷ് ഹെയ്‍സൽവുഡും ചാംപ്യൻസ് ട്രോഫി കളിക്കുമോയെന്ന് ഉറപ്പായിട്ടില്ല. ബോർഡർ– ഗാവസ്കർ ട്രോഫിക്കു പിന്നാലെയാണ് കമിൻസിന് കാലിനു പരുക്കേറ്റത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര കമിൻസ് കളിച്ചിരുന്നില്ല. നടുവിനു പരുക്കേറ്റ മിച്ചൽ മാർഷിനും ചാംപ്യൻസ് ട്രോഫി കളിക്കാൻ സാധിക്കില്ല.
നിലവിൽ വിശ്രമത്തിലുള്ള മാര്‍ഷ്, ഐപിഎൽ കളിച്ചുകൊണ്ടായിരിക്കും ക്രിക്കറ്റിലേക്കു തിരിച്ചെത്തുക. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ് മിച്ചൽ മാർഷ്. ചാംപ്യൻസ് ട്രോഫിയിൽ മാർഷിന്റെ പകരക്കാരനെ ക്രിക്കറ്റ് ഓസ്ട്രേലിയ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.