സഞ്ജുവിനു ശേഷം ഒരാളെ ഇന്ത്യൻ ടീമിലെത്തിക്കാനായോ? സഞ്ജുവല്ല, സച്ചിനോ നിധീഷോ മറ്റാരായാലും കൂടെ നിൽക്കും: തുറന്നടിച്ച് ശ്രീശാന്ത്

Mail This Article
കോട്ടയം∙ കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള (കെസിഎ) പ്രശ്നത്തിൽ സഞ്ജു സാംസണിനെ പിന്തുണച്ചു സംസാരിച്ചതിന്റെ പേരിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത്. എന്തു സംഭവിച്ചാലും തന്റെ സഹതാരങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി. സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും അവർക്കൊപ്പം ഉറച്ചുനിൽക്കും. കെസിഎ അവരുടെ അധികാരം പ്രയോഗിച്ചോട്ടെയെന്നും ശ്രീശാന്ത് പ്രതികരിച്ചു. സഞ്ജുവിനു ശേഷം ഒരു താരത്തെയെങ്കിലും ദേശീയ ടീമിലെത്തിക്കാൻ കെസിഎയ്ക്ക് സാധിച്ചോ എന്നു ചോദിച്ച ശ്രീശാന്ത്, മറ്റു സംസ്ഥാനങ്ങളിൽനിന്ന് താരങ്ങളെ ഇറക്കുമതി ചെയ്ത് കളിപ്പിക്കുന്നത് മലയാളി താരങ്ങളോടുള്ള അനാദരവാണെന്നും ആരോപിച്ചു.
‘‘ഇതേക്കുറിച്ച് എന്താണ് പറയേണ്ടതെന്നു പോലും എനിക്കറിയില്ല. പ്രതികരണം പോലും അർഹിക്കുന്ന വിഷയമല്ല ഇത്. അവർ അധികാരം പ്രയോഗിക്കട്ടെ. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ‘‘ഞാൻ എന്റെ സഹതാരങ്ങൾക്കൊപ്പം നിൽക്കും. അത് സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും വേറെ ആരാണെങ്കിലും അങ്ങനെ തന്നെ.’’– ശ്രീശാന്ത് പറഞ്ഞു.
‘‘സഞ്ജു സാംസണിനു ശേഷം കെസിഎ ഒരു രാജ്യാന്തര താരത്തെ പോലും സൃഷ്ടിച്ചിട്ടില്ല. കേരളത്തിൽനിന്ന് മികച്ച ഒരുപിടി താരങ്ങൾ നമുക്കുണ്ട്. സച്ചിൻ ബേബി, എം.ഡി. നിധീഷ്, വിഷ്ണു വിനോദ് തുടങ്ങി ഒട്ടേറെപ്പേരുണ്ട്. ഇവർക്ക് ദേശീയ ടീമിൽ ഇടം ലഭിക്കുന്നതിന് കെസിഎ എന്താണ് ചെയ്യുന്നത്? നമ്മുടെ താരങ്ങൾക്കു വേണ്ടി സംസാരിക്കാൻ പോലും അവർ തയാറല്ല എന്നതാണ് വസ്തുത.’
‘‘കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ രണ്ടാമനായിരുന്നു സച്ചിൻ ബേബി. എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമിൽ ഇടം കിട്ടിയില്ല. ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ഇപ്പോൾ അവർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളെ കൊണ്ടുവന്ന് കേരളത്തിനായി കളിപ്പിക്കുന്നു. എന്തിനു വേണ്ടിയാണിത്? ദേശീയ ടീമിലെത്താൻ മോഹിക്കുന്ന മലയാളി താരങ്ങളോടുള്ള അനാദരവല്ലേ ഈ നടപടി?’ – ശ്രീശാന്ത് ചോദിച്ചു.
‘‘കെസിഎ അവർക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. സത്യം പുറത്തുകൊണ്ടുവരാൻ എനിക്ക് യാതൊരു മടിയുമില്ല. എനിക്ക് സംസാരിക്കാൻ എല്ലാ അവകാശവുമുണ്ട്. കാര്യങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ എനിക്കും മറ്റു ക്രിക്കറ്റ് താരങ്ങൾക്കുമെതിരെ അവർ നടപടി സ്വീകരിക്കുമോ?’ – ശ്രീശാന്ത് ചോദിച്ചു.
കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) കൊല്ലം സെയ്‌ലേഴ്സ് ടീമിന്റെ സഹ ഉടമ എന്ന നിലയിൽ കെസിഎയുമായി കരാറുള്ള ശ്രീശാന്ത്, അതെല്ലാം കാറ്റിൽപ്പറത്തി ചട്ടലംഘനം നടത്തിയെന്നാണ് കെസിഎ നൽകിയ കാരണം കാണിക്കൽ നോട്ടിസിലുള്ളത്. നടപടി സ്വീകരിക്കാതിരിക്കണമെങ്കിൽ ഈ വിഷയത്തിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും നോട്ടിസിൽ നിർദ്ദേശമുണ്ട്.
കെസിഎൽ ടീമിന്റെ സഹ ഉടമ എന്ന നിലയിൽ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങൾ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്. പൊതുസമൂഹത്തിനു മുന്നിൽ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമർശങ്ങളെന്നും നോട്ടിസിൽ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ കെസിഎയുടെ നിലപാട് തേടുന്നതിനു പകരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തെന്നും നോട്ടിസിലുണ്ട്.