കെ.എല്‍. രാഹുലിനെ കളിക്കാൻ അനുവദിക്കൂ: ശരിയായി ഉപയോഗിക്കുന്നില്ലെന്ന് മുൻ താരം

Mail This Article
മുംബൈ∙ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലിനെ ഇന്ത്യൻ ടീം ശരിയായ രീതിയിൽ ഉപയോഗിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുടെ വിമർശനം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വിക്കറ്റ് കീപ്പറായി കളിച്ചെങ്കിലും, ബാറ്റിങ് ക്രമത്തിൽ ആറാം നമ്പരിലായിരുന്നു രാഹുൽ ബാറ്റു ചെയ്യാൻ ഇറങ്ങിയത്. അക്ഷർ പട്ടേലിനും താഴെ രാഹുലിനെ ഇറക്കിയതാണ് ആകാശ് ചോപ്രയെ പ്രകോപിപ്പിച്ചത്.
ആദ്യ മത്സരത്തിൽ ഒൻപതു പന്തുകൾ നേരിട്ട രാഹുൽ രണ്ടു റൺസെടുത്തു പുറത്തായിരുന്നു. ആദിൽ റാഷിദിനാണു രാഹുലിന്റെ വിക്കറ്റ്. രാഹുലിനെ പതിവു രീതിയിൽ തന്നെ ബാറ്റു ചെയ്യാൻ അനുവദിക്കണമെന്ന് ആകാശ് ചോപ്ര പ്രതികരിച്ചു. ‘‘രാഹുലിനെ നമ്മൾ എങ്ങനെയാണ് ഉപയോഗിക്കുന്നത്. അത് വളരെ പ്രധാനപ്പെട്ടൊരു വിഷയമാണ്. ഋഷഭ് പന്തിലും കൂടുതൽ പ്രാധാന്യം നൽകിയാണ് രാഹുലിനെ കളിപ്പിക്കുന്നത്. വിരാട് കോലി കളിക്കാത്തതിനാൽ നാഗ്പൂരിൽ രാഹുലിനെയും പന്തിനെയും ഒരുമിച്ച് ഇറക്കാൻ സാധിക്കുമായിരുന്നു.’’– ആകാശ് ചോപ്ര പറഞ്ഞു.
‘‘ഇടംകൈ ബാറ്ററാണു വേണ്ടതെങ്കില്‍ പന്തിനെ ആദ്യം ഇറക്കാം. അതുകഴിഞ്ഞ് രാഹുൽ വരട്ടെ. ഒരു ലെഗ് സ്പിന്നർ എറിയാൻ വരുമ്പോൾ ലെഫ്റ്റ്– റൈറ്റ് കോംബിനേഷനുകൾ ഉറപ്പിക്കുന്നതിനാണ് നിങ്ങൾ രാഹുലിന്റെ സ്ഥാനം താഴേക്കു മാറ്റുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും അങ്ങനെയാണ്. ആദ്യം അദ്ദേഹത്തെ ഓപ്പണറാക്കി. പിന്നീട് ബാറ്റിങ് ക്രമത്തിൽ താഴത്തേക്കു മാറ്റി. ഇനിയെങ്കിലും സ്വന്തം രീതിയില്‍ കളിക്കാൻ അദ്ദേഹത്തെ അനുവദിക്കുക. രാഹുൽ ഫോമിലാണോ എന്ന കാര്യമെങ്കിലും നമുക്ക് അപ്പോൾ മനസ്സിലാക്കാൻ സാധിക്കും.’’– ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ വിമർശിച്ചു.