‘ജയിലിൽ കിടന്നയാൾ, വാതുവയ്പ് കേസിൽ കുറ്റവിമുക്തനാകാത്ത ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട’: കുത്തുവാക്കുമായി കെസിഎ

Mail This Article
കൊച്ചി∙ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തിന് കാരണംകാണിക്കൽ നോട്ടിസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) രംഗത്ത്. സഞ്ജു സാംസണിനെ പിന്തുണച്ചതിനല്ല ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയതെന്ന് കെസിഎ വ്യക്തമാക്കി. കെസിഎയ്‌ക്കെതിരെ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രസ്താവന നടത്തിയതിനാണ് നോട്ടിസ് നൽകിയത്. കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കെസിഎയ്‌ക്കെതിരെ അപകീർത്തികരമായ കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണെന്നും സംഘടന വിശദീകരിച്ചു.
ശ്രീശാന്തിന്റെ ആരോപണങ്ങളോട് കടുത്ത ഭാഷയിലാണ് കെസിഎ വാർത്താക്കുറിപ്പിൽ പ്രതികരിച്ചത്. വാതുവയ്പ്പ് കേസിൽ അകപ്പെട്ട് ജയിലിൽ കഴിഞ്ഞ കാര്യം ഉൾപ്പെടെ ‘ഓർമിപ്പിച്ചാണ്’ കെസിഎയുടെ വിശദീകരണം. കോടതി ക്രിമിനൽ കേസ് റദ്ദാക്കിയെങ്കിലും, വാതുവയ്പ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല എന്നും കെസിഎ ചൂണ്ടിക്കാട്ടി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് കെസിഎ വീണ്ടും കളിക്കാൻ അവസരം നൽകിയ കാര്യവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാതുവയ്പ്പിൽ അകപ്പെട്ട താരങ്ങൾക്ക് വേറെ ഏത് ക്രിക്കറ്റ് അസോസിയേഷനാണ് ഇങ്ങനെ അവസരം നൽകിയതെന്നും കെസിഎ ചോദിക്കുന്നു.
സഞ്ജു സാംസണിനു ശേഷം ഒരു താരത്തെയെങ്കിലും ദേശീയ ടീമിൽ എത്തിക്കാനായിട്ടുണ്ടോ എന്ന ശ്രീശാന്തിന്റെ ചോദ്യത്തെ സജ്ന സജീവന്‍, മിന്നുമണി, ആശ ശോഭന തുടങ്ങിയ വനിതാ ടീമംഗങ്ങളുടെ പേരെടുത്തു പറഞ്ഞാണ് കെസിഎ പ്രതിരോധിച്ചത്. ഇവർ ഇന്ത്യൻ ടീമിലെത്തിയ കാര്യം ശ്രീശാന്ത് അറിയാതെ പോയത് കേരളാ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നുവെന്ന പരിഹാസവുമുണ്ട്. അച്ചടലംഘനം ആരു നടത്തിയാലും അനുവദിക്കില്ലെന്നും, അസോസിയേഷനെതിരെ കള്ളം പറഞ്ഞ് അപകീർത്തിപ്പെടുത്താൻ ശ്രമിച്ചാൽ മുഖം നോക്കാതെ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
∙ കെസിഎയുടെ വിശദീകരണക്കുറിപ്പിന്റെ പൂർണരൂപം
കേരള ക്രിക്കറ്റ് അസോസിഷൻ ശ്രീശാന്തിന് കാരണം കാണിക്കൽ നോട്ടിസ് നൽകിയത് സഞ്ജുവിനെ പിന്തുണച്ചതിനല്ല, അസോസിയേഷനെതിരെ തെറ്റായതും അപകീർത്തിപരവുമായ പ്രസ്താവന നടത്തിയതിനാണ്. കേരള ക്രിക്കറ്റ് ലീഗ് ഫ്രാഞ്ചൈസി ടീമിന്റെ സഹ ഉടമയായ ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിയേഷനെത്തിരെ അപകീർത്തികരമായി കാര്യങ്ങൾ പറഞ്ഞത് കരാർ ലംഘനമാണ്.
താരങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ എന്നും സ്വീകരിച്ചിട്ടുള്ളത്. ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായമായിരുന്ന വാതുവയ്പ്പിൽ ആരോപണം നേരിട്ട് ശ്രീശാന്ത് ജയിലിൽ കഴിയുന്ന സമയത്തും അസോസിഷൻ ഭാരവാഹികൾ അദ്ദേഹത്തെ സന്ദർശിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. എന്നാൽ വാതുവയ്‌പ്പുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണം ശരിയാണെന്നു കണ്ടെത്തിയതോടെയാണ് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ആജീവനാന്ത വിലക്ക് ബിസിസിഐ ഓംബുഡ്സ്മാൻ ഏഴു വർഷമായി കുറക്കുകയായിരുന്നു.
കോടതി ക്രിമിനൽ കേസ് റദ്ദ് ചെയ്‌തെകിലും വാതുവയ്പ്പ് വിഷയത്തിൽ കുറ്റവിമുക്തനായിട്ടില്ല എന്നത് വാസ്തവമാണ്. അത്തരത്തിൽ ഉള്ള ശ്രീശാന്ത് കേരള ക്രിക്കറ്റ് അസോസിഷന്റെ കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതില്ല.
ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശ്രീശാന്തിന് രഞ്ജി ട്രോഫി ഉൾപ്പടെ ഉള്ള മത്സങ്ങളിൽ കെസിഎ വീണ്ടും അവസരങ്ങൾ നല്‍കിയത് അസോസിയേഷന്റെ സംരക്ഷകനിലപാടുകൊണ്ടു മാത്രമാണ്. വാതുവയ്പ്പിൽ ഉൾപ്പെട്ട മറ്റുതാരങ്ങളോട് അവരുടെ അസോസിയേഷനുകൾ ഇങ്ങനെ അനുകൂല സമീപനമാണോ എടുത്തത് എന്നത് അന്വേഷിച്ചാൽ അറിയാവുന്നതാണ്. ശ്രീശാന്ത് കേരള ക്ക്രിക്കറ്റ് ലീഗിന്റെ കമന്ററി പറയുന്ന വേളയിൽ അസോസിയേഷൻ കളിക്കാർക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളെ വാനോളം പുകഴ്ത്തിയിരുന്നു.
സഞ്ജു സാംസണിനു ശേഷം ഇന്ത്യൻ ടീമിൽ ആരു വന്നു എന്ന ശ്രീശാന്തിന്റെ ചോദ്യം അപഹാസ്യമാണ്. സജ്ന സജീവന്‍, മിന്നുമണി, ആശ ശോഭന എന്നീ സീനിയര്‍ ദേശീയ താരങ്ങളെ കൂടാതെ അണ്ടർ 19 ലോകകപ്പ് ജേതാക്കളുടെ ടീമിൽ വി.ജെ. ജോഷിത, അണ്ടർ 19 ടീമില്‍ സി.എം.സി. നജ്‌ല, അണ്ടർ 19 ഏഷ്യാകപ്പ് ടീമില്‍ മുഹമ്മദ് ഇനാൻ എന്നിവർ സ്ഥാനം കണ്ടെത്തിയത് ശ്രീശാന്ത് അറിയാത്തത് കേരളാ ക്രിക്കറ്റിനെക്കുറിച്ചുള്ള അറിവില്ലായ്മയായി കാണുന്നു.
അച്ചടലംഘനം ആരു നടത്തിയാലും അനുവദിക്കാൻ സാധിക്കില്ല. അസോസിയേഷനെതിരെ കളവായ കാര്യങ്ങൾ പറഞ്ഞ് അപകീർത്തി ഉണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുന്നതുമാണ്.
∙ ശ്രീശാന്ത് പറഞ്ഞത്...
നേരത്തെ, കാരണം കാണിക്കൽ നോട്ടിസ് നൽകിയ നടപടിയെ രൂക്ഷമായി വിമർശിച്ച് ‘ഓൺമനോരമ’യോടു പ്രതികരിക്കുമ്പോഴാണ്, കെസിഎയ്‌ക്കെതിരെ ശ്രീശാന്ത് കടുത്ത വിമർശനം ഉന്നയിച്ചത്. എന്തു സംഭവിച്ചാലും തന്റെ സഹതാരങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയിരുന്നു. സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും അവർക്കൊപ്പം ഉറച്ചുനിൽക്കും. കെസിഎ അവരുടെ അധികാരം പ്രയോഗിച്ചോട്ടെയെന്നും ശ്രീശാന്ത് പ്രതികരിച്ചു. സഞ്ജുവിനു ശേഷം ഒരു താരത്തെയെങ്കിലും ദേശീയ ടീമിലെത്തിക്കാൻ കെസിഎയ്ക്ക് സാധിച്ചോ എന്നു ചോദിച്ച ശ്രീശാന്ത്, മറ്റു സംസ്ഥാനങ്ങളിൽനിന്ന് താരങ്ങളെ ഇറക്കുമതി ചെയ്ത് കളിപ്പിക്കുന്നത് മലയാളി താരങ്ങളോടുള്ള അനാദരവാണെന്നും ആരോപിച്ചിരുന്നു.
‘‘ഇതേക്കുറിച്ച് എന്താണ് പറയേണ്ടതെന്നു പോലും എനിക്കറിയില്ല. പ്രതികരണം പോലും അർഹിക്കുന്ന വിഷയമല്ല ഇത്. അവർ അധികാരം പ്രയോഗിക്കട്ടെ. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ‘‘ഞാൻ എന്റെ സഹതാരങ്ങൾക്കൊപ്പം നിൽക്കും. അത് സഞ്ജുവായാലും സച്ചിനായാലും നിധീഷായാലും വേറെ ആരാണെങ്കിലും അങ്ങനെ തന്നെ.’’
‘‘സഞ്ജു സാംസണിനു ശേഷം കെസിഎ ഒരു രാജ്യാന്തര താരത്തെ പോലും സൃഷ്ടിച്ചിട്ടില്ല. കേരളത്തിൽനിന്ന് മികച്ച ഒരുപിടി താരങ്ങൾ നമുക്കുണ്ട്. സച്ചിൻ ബേബി, എം.ഡി. നിധീഷ്, വിഷ്ണു വിനോദ് തുടങ്ങി ഒട്ടേറെപ്പേരുണ്ട്. ഇവർക്ക് ദേശീയ ടീമിൽ ഇടം ലഭിക്കുന്നതിന് കെസിഎ എന്താണ് ചെയ്യുന്നത്? നമ്മുടെ താരങ്ങൾക്കു വേണ്ടി സംസാരിക്കാൻ പോലും അവർ തയാറല്ല എന്നതാണ് വസ്തുത.’’
‘‘കഴിഞ്ഞ സീസണിൽ ആഭ്യന്തര ക്രിക്കറ്റിലെ റൺവേട്ടക്കാരിൽ രണ്ടാമനായിരുന്നു സച്ചിൻ ബേബി. എന്നിട്ടും അദ്ദേഹത്തിന് ദുലീപ് ട്രോഫി ടീമിൽ ഇടം കിട്ടിയില്ല. ആ സമയത്ത് കെസിഎ എവിടെയായിരുന്നു? ഇപ്പോൾ അവർ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളെ കൊണ്ടുവന്ന് കേരളത്തിനായി കളിപ്പിക്കുന്നു. എന്തിനു വേണ്ടിയാണിത്? ദേശീയ ടീമിലെത്താൻ മോഹിക്കുന്ന മലയാളി താരങ്ങളോടുള്ള അനാദരവല്ലേ ഈ നടപടി?’’
‘‘കെസിഎ അവർക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. സത്യം പുറത്തുകൊണ്ടുവരാൻ എനിക്ക് യാതൊരു മടിയുമില്ല. എനിക്ക് സംസാരിക്കാൻ എല്ലാ അവകാശവുമുണ്ട്. കാര്യങ്ങൾ തുറന്നു പറയുന്നതിന്റെ പേരിൽ എനിക്കും മറ്റു ക്രിക്കറ്റ് താരങ്ങൾക്കുമെതിരെ അവർ നടപടി സ്വീകരിക്കുമോ?’’ – ശ്രീശാന്ത് ചോദിച്ചു.