ആ ഇന്ത്യൻ താരം ടീമിൽ ഇല്ലാത്തത് അദ്ഭുതപ്പെടുത്തുന്നു: തകർത്തു കളിച്ചിട്ടും പുറത്തെന്ന് പോണ്ടിങ്

Mail This Article
മുംബൈ∙ തുടർച്ചയായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ശ്രേയസ് അയ്യർക്ക് ഇന്ത്യൻ ഏകദിന ടീമിന്റെ പ്ലേയിങ് ഇലവനിൽ സ്ഥിരം സ്ഥാനം ലഭിക്കാത്തത് അദ്ഭുതപ്പെടുത്തുന്നതായി ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും പഞ്ചാബ് കിങ്സ് ടീമിന്റെ പരിശീലകനുമായ റിക്കി പോണ്ടിങ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ താരത്തിന്റെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ് പോണ്ടിങ്ങിന്റെ വാക്കുകൾ. ആദ്യ മത്സരത്തിൽ 36 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 59 റൺസെടുത്തിരുന്നു.
‘‘ആ ഇന്ത്യൻ താരത്തിന്റെ കാര്യത്തിൽ എനിക്ക് അദ്ഭുതം തോന്നുന്നു. കുറച്ചു വർഷങ്ങളായി ശ്രേയസ് അയ്യർ ടീമിനു പുറത്താണ്. 2023ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ അദ്ദേഹം അത്രയും മികച്ച ഫോമിലായിരുന്നു. മധ്യനിരയിൽ നന്നായി കളിച്ചപ്പോൾ ശ്രേയസ് തന്റെ സ്ഥാനം ഉറപ്പിച്ചെന്നായിരുന്നു കരുതിയത്. പരുക്കേറ്റു പുറത്തായെങ്കിലും പിന്നീട് ആഭ്യന്തര ക്രിക്കറ്റിലൂടെ തിരിച്ചെത്തി. ഐപിഎല്‍ ലേലത്തിനു ശേഷം അതിഗംഭീരമായാണ് അയ്യർ കളിക്കുന്നത്.’’
ദുബായിലെ വിക്കറ്റുകളിൽ ശ്രേയസ് അയ്യർ തിളങ്ങുമെന്നാണു പ്രതീക്ഷയെന്നും ചാംപ്യൻസ് ട്രോഫിയിൽ സ്പിൻ ബോളർമാർക്കെതിരെ തകർത്തുകളിക്കാൻ താരത്തിനു സാധിക്കുമെന്നും പോണ്ടിങ് വ്യക്തമാക്കി. ഐപിഎൽ മെഗാലേലത്തിൽ 26.75 കോടി രൂപയ്ക്കാണ് ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സ് വാങ്ങിയത്. പോണ്ടിങ് പരിശീലിപ്പിക്കുന്ന ടീമിന്റെ ക്യാപ്റ്റനാണ് ശ്രേയസ്. കഴിഞ്ഞ ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലെത്തിക്കാൻ ശ്രേയസ് അയ്യർക്കു സാധിച്ചിരുന്നു.