‘ഇന്ത്യൻ ടീം അവസരം സ്വപ്നം കാണുന്നവരെ തുരങ്കം വയ്ക്കുന്നവർക്ക് ഒപ്പം നിൽക്കാനാവില്ല’: കെസിഎ Vs ശ്രീശാന്ത് പോര് മുറുകുന്നു

Mail This Article
തിരുവനന്തപുരം∙ സഞ്ജു സാംസണെ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്താത്തതുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിൽ കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎ) മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്തും തമ്മിലുള്ള വാക്ക് പോര് മുറുകുന്നു. ശ്രീശാന്ത് നടത്തിയ പരാമർശങ്ങളിൽ വിശദീകരണം തേടി നോട്ടിസ് നൽകിയതിനു പിന്നാലെയാണ് ഇരു വിഭാഗവും പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നത്.
കേരള ക്രിക്കറ്റ് ലീഗിൽ കൊല്ലം സെയ്‌ലേഴ്സ് ടീം സഹ ഉടമയായ ശ്രീശാന്ത് അടിസ്ഥാന രഹിതമായ ആക്ഷേപങ്ങൾ ഉന്നയിച്ചത് കരാർ ലംഘനമാണെന്ന് കാട്ടിയായിരുന്നു നോട്ടിസ്. എന്നാൽ ഇതിനെതിരെ ശ്രീശാന്ത് പ്രതികരണം കടുപ്പിച്ചതോടെ ശ്രീശാന്ത് ഉൾപ്പെട്ട വാതുവയ്പ് കേസിന്റെ ചരിത്രം വിശദമാക്കി കെസിഎയും രംഗത്തെത്തി.
കേസിൽ ഉൾപ്പെട്ട സമയത്ത് ശ്രീശാന്തിനു പിന്തുണ നൽകിയെന്നും പിന്നീട് വിലക്ക് കഴിഞ്ഞപ്പോൾ കേരള ടീമിൽ ഉൾപ്പെടുത്തി സംരക്ഷിച്ചെന്നും കെസിഎ പറഞ്ഞു. വാതുവയ്പ് കേസിൽ കുറ്റവിമുക്തനാകാത്ത ശ്രീശാന്ത്, കേരള താരങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടെന്നും കെസിഎയുടെ പ്രസ്താവനയിൽ പറയുന്നു.
എന്നാൽ തനിക്കെതിരെ അപകീർത്തിപരമായ വാർത്താക്കുറിപ്പ് ഇറക്കിയവർ ഉത്തരം പറയേണ്ടി വരുമെന്നായിരുന്നു ഇതിനോടു ശ്രീശാന്തിന്റെ പ്രതികരണം. ‘എനിക്കെതിരെ തെറ്റായ വിവരം പ്രചരിപ്പിക്കുന്നവരോട് പ്രതികരിക്കാനില്ല. അഭിഭാഷകൻ മറുപടി നൽകും. ഇന്ത്യൻ ടീമിൽ അവസരം സ്വപ്നം കാണുന്നവർക്കു തുരങ്കം വയ്ക്കുന്നവർക്കൊപ്പം നിൽക്കാനാവില്ല’– ശ്രീശാന്ത് പറഞ്ഞു