ഇതാ ഹിറ്റ്മാൻ, കട്ടക്കിൽ കലക്കൻ സെഞ്ചറി; ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് വിജയം, ഇന്ത്യയ്ക്കു പരമ്പര

Mail This Article
കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലും ഗംഭീര വിജയവുമായി പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. ആരാധകർ ഏറെ കാത്തിരുന്ന രോഹിത് ശർമയുടെ സെഞ്ചറി പ്രകടനം കട്ടക്കിലെ ഗാലറിക്ക് വിരുന്നായി. 90 പന്തിൽ 119 റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശര്‍മയാണ് ഇന്ത്യയെ മുന്നിൽനിന്നു നയിച്ചത്. ശുഭ്മൻ ഗില്ലും (52 പന്തിൽ 60) അർധ സെഞ്ചറിയുമായി തിളങ്ങി. ഇംഗ്ലണ്ട് ഉയർത്തിയ 305 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 44.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 33 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ വിജയം. ആദ്യ മത്സരത്തിൽ നാലു വിക്കറ്റ് വിജയം നേടിയ ഇന്ത്യ ഏകദിന പരമ്പര 2–0ന് സ്വന്തമാക്കി.
ശ്രേയസ് അയ്യർ (47 പന്തിൽ 44), അക്ഷർ പട്ടേൽ (43 പന്തിൽ 41) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. മറുപടി ബാറ്റിങ്ങിൽ അതി ഗംഭീരമായാണ് ഇന്ത്യ തുടങ്ങിയത്. രോഹിത് ശർമയും ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ ശുഭ്മൻ ഗില്ലും തകർത്തടിച്ചതോടെ 13.3 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യ 100 പിന്നിട്ടു. സ്കോർ 136 ൽ നിൽക്കെയാണ് ഇന്ത്യയ്ക്ക് അർധ സെഞ്ചറി നേടിയ ഗില്ലിനെ നഷ്ടമായത്. ഓവർടന്റെ പന്തില്‍ ഓപ്പണര്‍ ബോൾഡാകുകയായിരുന്നു. ഒരു ഭാഗത്ത് രോഹിത് തകർത്തടിക്കുമ്പോൾ നിരാശപ്പെടുത്തിയത് വിരാട് കോലിയാണ്. എട്ട് പന്തിൽ അഞ്ച് റൺസ് മാത്രമെടുത്ത കോലിയെ സ്പിന്നർ ആദിൽ റാഷിദിന്റെ പന്തിൽ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കി.
ഏകദിന ക്രിക്കറ്റിലെ 32–ാം സെഞ്ചറിയാണ് രോഹിത് ശർമ കട്ടക്കിൽ അടിച്ചെടുത്തത്. 76 പന്തുകളിൽനിന്നാണ് ഇന്ത്യൻ ക്യാപ്റ്റന്റെ സെഞ്ചറി നേട്ടം. 487 ദിവസങ്ങൾക്കു ശേഷമാണ് രോഹിത് ശർമ രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറി അടിക്കുന്നത്. 2023 ഒക്ടോബർ 11 ന് ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയായിരുന്നു രോഹിത്ത് ഇതിനു മുൻപ് സെഞ്ചറി നേടിയത്. ഏഴു സിക്സുകളും 12 ഫോറുകളും രോഹിത് കട്ടക്കിൽ അടിച്ചുകൂട്ടി. 30 പന്തുകളിൽനിന്നായിരുന്നു രോഹിത് അർധ സെഞ്ചറിയിലെത്തിയത്. ലിയാം ലിവിങ്സ്റ്റണിന്റെ 30ാം ഓവറിലെ നാലാം പന്തിൽ രോഹിത്തിനെ ആദിൽ റാഷിദ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. അപ്പോഴേക്കും ഇന്ത്യൻ സ്കോർ 220 ൽ എത്തിയിരുന്നു.

മികച്ച തുടക്കം ലഭിച്ച ശ്രേയസ് അയ്യർ റൺഔട്ടായത് ഇന്ത്യൻ ആരാധകർക്കു നിരാശയായി. കെ.എല്‍. രാഹുലിനും തിളങ്ങാനായില്ല. 14 പന്തിൽ 10 റൺസ് മാത്രമെടുത്ത രാഹുലിനെ ഫിൽ സോൾട്ട് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ 10 റൺസ് മാത്രമെടുത്തു പുറത്തായി. എങ്കിലും അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും (ഏഴു പന്തിൽ 11) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ജോ റൂട്ടിനും ഡക്കറ്റിനും അർധ സെഞ്ചറി
ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസെടുത്തു പുറത്തായി. 72 പന്തിൽ 69 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട ഓപ്പണർ ബെൻ ഡക്കറ്റ് 65 റൺസെടുത്തു പുറത്തായി. ലിയാം ലിവിങ്സ്റ്റൻ (32 പന്തിൽ 41), ജോസ് ബട്‍ലര്‍ (35 പന്തിൽ 34), ഹാരി ബ്രൂക്ക് (52 പന്തിൽ 31), ഫിൽ സോൾട്ട് (29 പന്തിൽ 26) എന്നിവരാണ് ഇംഗ്ലണ്ടിന്റെ മറ്റു പ്രധാന സ്കോറർമാർ.
പത്തോവറുകൾ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. ഫില്‍ സോൾട്ടും ബെൻ ഡക്കറ്റും പൊരുതിനിന്നതോടെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടിൽ പിറന്നത് 81 റൺസ്. വരുൺ ചക്രവർത്തിയെറിഞ്ഞ 11–ാം ഓവറിൽ രവീന്ദ്ര ജഡേജ ക്യാച്ചെടുത്ത് ഫിൽ സോൾട്ടിനെ പുറത്താക്കി. പവർപ്ലേ ഓവറുകളിൽ 75 റൺസെടുത്ത ഇംഗ്ലണ്ട് 15.2 ഓവറിൽ 100 പിന്നിട്ടു. സ്കോർ 102 ൽ നിൽക്കെ ബെൻ ഡക്കറ്റിന്റെ വിക്കറ്റ് ജഡേജ സ്വന്തമാക്കി.

പിന്നീടെത്തിയ ജോ റൂട്ടും ഹാരി ബ്രൂക്കും ജോസ് ബട്‍ലറും തകർത്തുകളിച്ചതോടെ സുരക്ഷിതമായ സ്കോറിലേക്ക് ഇംഗ്ലണ്ടെത്തി. ഹർഷിത് റാണയാണ് ബ്രൂക്കിനെ പുറത്താക്കിയത്. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബട്‍ലറെ പാണ്ഡ്യയും വീഴ്ത്തി. സ്കോർ 248ൽ നിൽക്കെ ജഡേജയുടെ പന്തിൽ വിരാട് കോലി ക്യാച്ചെടുത്ത് ജോ റൂട്ടും മടങ്ങി. വാലറ്റത്ത് അഞ്ച് പന്തുകൾ മാത്രം നേരിട്ട ആദിൽ റാഷിദ് 14 റൺസെടുത്തു റൺഔട്ടായി. മുഹമ്മദ് ഷമിയെറിഞ്ഞ 48–ാം ഓവറിലെ അവസാന മൂന്നു പന്തുകളും ആദിൽ തുടർച്ചയായി ബൗണ്ടറി കടത്തിയിരുന്നു.എന്നാൽ അടുത്ത ഓവറിൽ താരം റൺഔട്ടായി. രണ്ടു വീതം സിക്സുകളും ഫോറുകളും നേടിയ ലിയാം ലിവിങ്സ്റ്റണെ 50–ാം ഓവറിൽ ശ്രേയസ് അയ്യരും കെ.എൽ. രാഹുലും ചേർന്നു റൺഔട്ടാക്കി. മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

