നന്നായി ബാറ്റു ചെയ്യുന്നതിനിടെ കളി മുടങ്ങുന്നത് എന്തു കഷ്ടമാണ്? ഇന്ത്യൻ ഇന്നിങ്സിനിടെ കളി നിർത്തിവച്ചു, രോഹിത്തിന് അതൃപ്തി– വിഡിയോ

Mail This Article
കട്ടക്ക്∙ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബാറ്റിങ്ങിനിടെ കളി നിർത്തിവച്ചു. സ്റ്റേഡിയത്തിലെ ഫ്ലഡ്‍ലൈറ്റുകൾ പ്രവർത്തിക്കാതായതോടെയാണ് 30 മിനിറ്റിലേറെ കളി മുടങ്ങിയത്. 6.1 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യ 48 റൺസെന്ന നിലയിലുള്ളപ്പോള്‍ അപ്രതീക്ഷിതമായി കളി നിർത്തുകയായിരുന്നു. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലെ ഫ്ലഡ് ലൈറ്റുകളിലൊന്ന് കെട്ടുപോകുകയായിരുന്നു. താരങ്ങൾ കുറച്ചു നേരം ഗ്രൗണ്ടിൽ തുടർന്നെങ്കിലും തകരാർ പരിഹരിക്കാൻ സാധിച്ചില്ല.
ഇതോടെ ശുഭ്മൻ ഗില്ലും രോഹിത് ശർമയും ബാറ്റിങ് അവസാനിപ്പിച്ച് ഡഗ്ഔട്ടിലേക്കു മടങ്ങി. ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ച ശേഷമാണ് ഗ്രൗണ്ട് വിട്ടത്. അരമണിക്കൂറോളം സമയമെടുത്താണ് ഫ്ലഡ് ലൈറ്റ് മത്സരത്തിനായി തയാറാക്കിയത്.
മത്സരത്തിനു മുൻപ് ദിവസങ്ങളോളം ഫ്ലഡ്‍ലൈറ്റുകൾ പരിശോധന നടത്തിയിരുന്നെങ്കിലും പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് സ്റ്റേഡിയം അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം. ലൈറ്റ് തകരാറായതോടെ കട്ടക്കിലെ ഗാലറിയിൽനിന്ന് ആരാധകർ മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഓൺ ചെയ്താണു പ്രതിഷേധിച്ചത്. ഫ്ലഡ്‌ലൈറ്റുകൾ പ്രവർത്തനരഹിതമായ സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.
ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോർഡെന്ന വിശേഷണമുള്ള ബിസിസിഐയ്ക്ക് കൊള്ളാവുന്ന ഫ്ലഡ് ലൈറ്റുകള്‍ തയാറാക്കാൻ സാധിക്കില്ലേയെന്ന് എക്സ് പ്ലാറ്റ്ഫോമിൽ വിമര്‍ശനമുയര്‍ന്നു. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റൺസെടുത്തു പുറത്തായി. 72 പന്തിൽ 69 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. 56 പന്തുകൾ നേരിട്ട ഓപ്പണർ ബെൻ ഡക്കറ്റ് 65 റൺസെടുത്തു പുറത്തായി.