ബട്ലറെ പുറത്താക്കാൻ എറിഞ്ഞ പന്ത് ബൗണ്ടറിയിലെത്തി, ഹർഷിത് റാണയെ നിർത്തിപ്പൊരിച്ച് രോഹിത്- വിഡിയോ

Mail This Article
കട്ടക്ക്∙ ഇന്ത്യ– ഇംഗ്ലണ്ട് രണ്ടാം ഏകദിനത്തിനിടെ ഫീൽഡിങ്ങിൽ പിഴവു വരുത്തിയ ഹർഷിത് റാണയെ ഗ്രൗണ്ടിൽ നിർത്തിപ്പൊരിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിനിടെ 32–ാം ഓവറിലായിരുന്നു സംഭവം. ഹർഷിത് റാണയെറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‍ലർ പ്രതിരോധിച്ചെങ്കിലും, പന്ത് പിടിച്ചെടുത്ത റാണ വിക്കറ്റിനു നേരെ എറിയുകയായിരുന്നു.
വിക്കറ്റിൽ കൊള്ളാതെ ലക്ഷ്യം തെറ്റിയ പന്ത് ബൗണ്ടറിയിലേക്കായിരുന്നു പോയത്. ഹർഷിത് റാണ പന്തെറിയുമ്പോൾ ബട്‍ലര്‍ ക്രീസിൽ തിരിച്ചെത്തിയിരുന്നു. വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ പന്തു തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതിനും സാധിച്ചില്ല. ബൗണ്ടറി പോയതിലൂടെ നാലു റൺസ് കൂടി ഇന്ത്യയ്ക്കു വഴങ്ങേണ്ടിവന്നു. ഇതോടെയാണ് ഇന്ത്യൻ ക്യാപ്റ്റന്റെ നിയന്ത്രണം നഷ്ടമായത്. ദേഷ്യത്തോടെ റാണയ്ക്കു നേരെ തിരിഞ്ഞ രോഹിത് ‘നിന്റെ മനസ്സ് എവിടെയാണെന്നു’ ചോദിക്കുന്നത് ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്.
എന്നാൽ രോഹിത്തിന് മറുപടിയൊന്നും നൽകാൻ റാണ തയാറായില്ല. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. രണ്ടാം ഏകദിനത്തിൽ നാലു വിക്കറ്റ് വിജയം നേടിയ ഇന്ത്യ പരമ്പര 2–0ന് സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 49.5 ഓവറിൽ 304 റണ്‍സാണു നേടിയത്. 305 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 44.3 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 90 പന്തുകൾ നേരിട്ട രോഹിത് ശർമ 119 റൺസാണു മത്സരത്തിൽ നേടിയത്.