ഇതെന്ത് പരിപാടി? കൊടുംചൂടിൽ ‘ഫാൻസിനെ കൂളാ’ക്കാൻ സ്റ്റേഡിയം സ്റ്റാഫിന്റെ ‘വെള്ളമടി’; വൈറലായി ദൃശ്യങ്ങൾ, വിമർശനം– വിഡിയോ

Mail This Article
കട്ടക്ക്∙ ഇന്ത്യ–ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിനിടെ കൊടും ചൂടിൽ ക്ഷീണിതരായ ആരാധകരെ തണുപ്പിക്കാൻ വെള്ളം ചീറ്റിച്ച് കട്ടക്ക് സ്റ്റേഡിയം സ്റ്റാഫ്. ഇന്ത്യ–ഇംഗ്ലണ്ട് മത്സരം നടക്കുന്നതിനിടെയാണ് പുറത്ത് വലിയ ജാറും കെട്ടിവച്ച് സ്റ്റാഫ് അംഗങ്ങൾ ആരാധകർക്കു നേരെ വെള്ളം ചീറ്റിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായി. അതേസമയം, ആരാധകർക്കു നേരെ വെള്ളം ചീറ്റിച്ച് അവരെ തണുപ്പിക്കാനുള്ള സ്റ്റേഡിയം അധികൃതരുടെ നീക്കം വലിയ വിമർശങ്ങൾക്കും കാരണമായി.
മത്സരം നടന്ന ദിവസം കട്ടക്കിൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നിരുന്നു. പകൽ – രാത്രി മത്സരമാണെങ്കിലും ഉച്ചയ്ക്കു ശേഷം കളി ആരംഭിക്കുന്നതിനാൽ വെയിലത്ത് ഇരുന്ന് ക്ഷീണിതരായ ആരാധകരെ തണുപ്പിക്കാനാണ് വെള്ളം നിറച്ച വലിയ ജാർ പുറത്തേന്തി സ്റ്റേഡിയം സ്റ്റാഫ് ഗാലറികളിലെത്തി വെള്ളം ചീറ്റിച്ചത്. മേൽക്കൂരയില്ലാത്ത സ്റ്റേഡിയത്തിൽ ആരാധകർ ഇരിക്കുന്ന ഭാഗങ്ങളിൽ വെയിൽ നേരിട്ട് അടിക്കുന്ന സാഹചര്യത്തിലായിരുന്നു കനത്ത ചൂടിനെ നേരിടാൻ ആരാധകർക്ക് ഇത്തരമൊരു ‘സഹായം’.
മത്സരത്തിൽ ഇംഗ്ലണ്ട് ബാറ്റു ചെയ്യുന്നതിനിടെ 26–ാം ഓവറിലാണ് സ്റ്റേഡിയം സ്റ്റാഫ് ആരാധകർക്കു നേരെ വെള്ളം ചീറ്റിക്കുന്നത് ആദ്യം ശ്രദ്ധയിൽപ്പെടുന്നത്. ഗാലറിയുടെ വിവിധ ഭാഗങ്ങളിലെത്തിയാണ് സ്റ്റേഡിയം സ്റ്റാഫ് വെള്ളം സ്പ്രേ ചെയ്തത്. അതേസമയം, ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങളുടെ അപര്യാപ്തതയാണ് ഇതിലൂടെ തെളിയുന്നതെന്ന് ഒരു വിഭാഗം ആരാധകർ വിമർശിച്ചു. എന്നാൽ, സ്റ്റേഡിയം സ്റ്റാഫിന്റെ നടപടിയെ പ്രകീർത്തിച്ചും അവരെ അഭിനന്ദിച്ചും ഇന്ത്യൻ ടീമംഗം ഋഷഭ് പന്തും രംഗത്തെത്തി.
ക്യാപ്റ്റൻ രോഹിത് ശർമ ഇടവേളയ്‌ക്കു ശേഷം ഫോമിലേക്കു തിരിച്ചെത്തിയ മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. 90 പന്തിൽ 7 സിക്സും 12 ഫോറുമടക്കം 119 റൺസുമായി രോഹിത് തകർത്താടിയ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 4 വിക്കറ്റിനാണ് ജയിച്ചത്. ഇതോടെ 3 മത്സര പരമ്പര ഇന്ത്യ 2–0ന് സ്വന്തമാക്കി. സ്കോർ: ഇംഗ്ലണ്ട് 49.5 ഓവറിൽ 304ന് പുറത്ത്. ഇന്ത്യ 44.3 ഓവറിൽ 6ന് 308. സെഞ്ചറിയുമായി ടീമിനെ വിജയത്തിലേക്കു നയിച്ച രോഹിത് തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ചും. 12ന് അഹമ്മദാബാദിലാണ് പരമ്പരയിലെ മൂന്നാം മത്സരം.